- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസക്കിന്റെ അഴിമതി രഹിത വാളയാർ ഒരിക്കലും നടക്കാത്ത സ്വപ്നം; കിമ്പളം വാങ്ങി തടിച്ചുകൊഴുത്ത് ഉദ്യോഗസ്ഥർ; ആറു മണിക്കൂറിൽ കൈക്കൂലിയായി ഉദ്യോഗസ്ഥർക്ക് കിട്ടിയത് 1.71 ലക്ഷം; സർക്കാരിന് കിട്ടിയത ആകെ 2.5 ലക്ഷം മാത്രവും; ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ചീർക്കുന്നത് ഖജനാവിൽ എത്തേണ്ട കോടികൾ
പാലക്കാട്: മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മനസ്സിലെ വലിയ പദ്ധതിയായിരുന്നു അഴിമതി രഹിത വാളയാർ എന്നത്. എന്നാൽ, ഇത് ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറുകയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച വാളയാറിൽ ഇപ്പോഴും കോടികളാണ് കൈക്കൂലി ഇനത്തിൽ മാത്രം ഉദ്യോഗസ്ഥർ പോക്കറ്റിലാക്കുന്നത്. സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട പണമാണ് കിമ്പളമായി ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിലാക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം മറ്റെല്ലാം മേഖലകളിലും പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഇവിടെ യാതൊരു മുട്ടുമില്ലാതെ യഥേഷ്ടം കൈക്കൂലി വാങ്ങുന്നത് തുടരുന്നത്.
കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിലും വാളയാറിലെ കൈക്കൂലി കണക്കുകൾ പുറത്തുവന്നു. കേരളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ പരിശോധിക്കുന്ന വാളയാറിലെ 'ഇൻ' ചെക്പോസ്റ്റിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ. തിങ്കളാഴ്ച ഒരുദിവസത്തെ സർക്കാർ വരുമാനം രേഖകളനുസരിച്ച് 2,50,240 രൂപയായിരുന്നു. അതേസമയം, രാത്രി എട്ടിന് ജോലിക്ക് കയറിയ ഉദ്യോഗസ്ഥർ പുലർച്ചെ രണ്ടിനകം മാമൂലിനത്തിൽ 1,70,000 രൂപ ഏജന്റിനെ ഏല്പിച്ചത് വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഓഫീസിനകത്ത് രേഖകളില്ലാതെ സൂക്ഷിച്ച 1,975 രൂപ വേറെയും കണ്ടെത്തി.
നേരിട്ടു പണം വാങ്ങാതെ ഏജന്റുമാരെ വെച്ച് പണം വാങ്ങുന്ന രീതിയിലേക്ക് അഴിമതിക്കാർ മാറിക്കഴിഞ്ഞു. ചെക്പോസ്റ്റിൽ നിശ്ചിത ഇടവേളകളിൽ ഏജന്റുമാരെത്തി മാമൂൽപണം പരിസരത്തെ കേന്ദ്രത്തിലേക്ക് മാറ്റുന്നത് വിജിലൻസ് സംഘം മുൻപ് പലതവണ പിടികൂടിയിരുന്നു. എന്നിട്ടും ഈ രീതി തുടർന്നു പോരുന്ന അവസ്ഥയാണുള്ളത്.
വിശ്വസ്തരായ ലോറികളിലെ ഡ്രൈവർമാർവശം പണം കൊടുത്തയച്ച് പാലക്കാട് നഗരപരിസരത്ത് കാത്തുനിൽക്കുന്ന ആൾക്ക് കൈമാറുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ ജൂലായ് 16-ന് ലോറി ഡ്രൈവറുടെ കൈവശം ചെക്പോസ്റ്റിൽനിന്ന് കൊടുത്തയച്ച അരലക്ഷം രൂപ റോഡരികിൽ നിൽക്കയായിരുന്ന പൊലീസിന് കൈമാറിയിരുന്നു. ഈ സംഭവത്തിലെ അന്വേഷണം തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ വീണ്ടും ലോറിഡ്രൈവർവശം പണം കൊടുത്തയയ്ക്കാൻ ശ്രമം നടന്നത്.
രാത്രി പത്തുമുതൽ ചെക്പോസ്റ്റ് പരിസരത്ത് നിരീക്ഷണം നടത്തി. രണ്ടുമണിക്ക് ശേഷമായിരുന്നു പരിശോധന. ചരക്ക് വാഹനങ്ങളുടെ തരമനുസരിച്ച് ഓരോന്നിനും നിശ്ചിതതുക മാമൂലായി ഈടാക്കും. വിജിലൻസ് ഡിവൈ.എസ്പി. എസ്. ഷംസുദ്ദീന്റെ നിർദേശമനുസരിച്ച് ഇൻസ്പെക്ടർ കെ.എം. പ്രവീൺ കുമാർ, എസ്.െഎ. ബി. സുരേന്ദ്രൻ, എ.എസ്.െഎ.മാരായ മനോജ് കുമാർ, മുഹമ്മദ് സലീം, ഉദ്യോഗസ്ഥരായ സലേഷ്, രമേഷ്, പ്രമോദ്, സന്തോഷ് എന്നിവരടങ്ങുന്നതായിരുന്നു സംഘം.
കോയമ്പത്തൂരിൽനിന്ന് കുപ്പികൾ കയറ്റിവന്ന മുരുകൻതുണൈ എന്ന കണ്ടെയ്നർ വാഹനം ചെക്പോസ്റ്റ് പരിസരത്ത് ചൊവ്വാഴ്ച പുലർച്ചെ നിർത്തിയിട്ട് ചെക്പോസ്റ്റ് കൗണ്ടറിലെത്തി. ഉദ്യോഗസ്ഥർ കവറുകൾ പലതവണയായി ഡ്രൈവർക്ക് കൈമാറിയതോടെയാണ് ഡ്രൈവറെ പിടികൂടിയത്. ഡ്രൈവർ മോഹനസുന്ദരത്തെയും ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർ ടി.എം. ഷാജി, എ.എം വിെഎ.മാരായ അരുൺകുമാർ, ജോസഫ് റോഡ്രിഗ്സ്, ഷബീറലി, ഓഫീസ് സഹായി റിഷാദ് എന്നിവരാണ് പരിശോധനാസമയത്ത് ജോലിയിലുണ്ടായിരുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.
ജിഎസ്ടി വരുന്നതോടെ, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്കെത്തുന്ന ചരക്കുകൾക്കുള്ള നികുതി കൃത്യമായി നമുക്കു കിട്ടുമെന്നായിരുന്നു അന്നത്തെ മന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പ്രതീക്ഷ. വ്യാപാരികൾ കേരളത്തിലേക്കു കൊണ്ടുവരുന്ന സാധനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടണമെങ്കിൽ വിലയും നികുതിയും അളവും ഒക്കെ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടു തന്നെ വരുമെന്നും പ്രതീക്ഷിച്ചു. അങ്ങനെ ചെക്പോസ്റ്റുകളിൽ പരിശോധന ഇല്ലാതായി.
എന്നാൽ, തലസ്ഥാന ജില്ലയിലെ അതിർത്തി ചെക്പോസ്റ്റായ അമരവിളയിൽ ചെന്നാൽ കാണുന്ന കാഴ്ച വേറെ. ലോറികൾ വരുന്നു, ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്കു ബിൽ കൈമാറുന്നു, പോകുന്നു. ലോറിക്കാർ നൽകുന്ന ബിൽ ഒറിജിനലാണോ എന്നു പരിശോധിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ചെക്പോസ്റ്റുകളിൽ നിലനിൽക്കുന്നതും.
ജിഎസ്ടി 'പരിശോധന നിലച്ച' കേന്ദ്രങ്ങളായി വാണിജ്യ ചെക്പോസ്റ്റുകൾ മാറി. ഇതര സംസ്ഥാനങ്ങളിൽനിന്നു ചരക്കുമായെത്തുന്ന വാഹനങ്ങളുടെ ടോക്കൺ സ്വീകരിക്കാനുള്ള ടോക്കൺ ഗേറ്റുകളായി വാളയാർ ഉൾപ്പെടെ പാലക്കാട് ജില്ലയിലെ ചെക്പോസ്റ്റുകൾക്കു മാറ്റം വന്നു. വാളയാറിൽ ആർടിഒ ചെക്പോസ്റ്റിൽ വാണിജ്യനികുതി ചെക്പോസ്റ്റിന്റെ നിയന്ത്രണത്തിലായിരുന്ന വേബ്രിജും മാസങ്ങൾക്കു മുൻപ് എടുത്തുമാറ്റി.
സർക്കാർ വേബ്രിജിലാണ് ഇപ്പോൾ ഭാരപരിശോധന. ഇതുപോലും നാമമാത്രമാണ്. പലപ്പോഴും അമിതഭാരവുമായെത്തുന്ന ചരക്കുവാഹനങ്ങൾ ചെക്പോസ്റ്റ് വഴി കടന്നുപോകാനും വഴിയൊരുക്കി. ഇങ്ങനെ കടന്നുപോയ വാഹനങ്ങൾ പിന്നീടു പൊലീസ് പരിശോധനയിൽ അമിതഭാരത്തിനു പിഴ ഈടാക്കാൻ നിർദ്ദേശം നൽകുന്ന സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. അമിതഭാരം കയറ്റാൻ വേണ്ടി ചരക്കുവാഹനങ്ങളുടെ ബോഡിയിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ചരക്കു കടത്തുന്ന സംഭവങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നേരത്തെ മുമ്പ് ഐസക്ക് അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിലും കൈക്കൂലി പണം കണ്ടെത്തിയിരുന്നു. ഇതിന് ശേഷം മിഷൻ വാളയാറും അഴിമതി രഹിത വാളയാർ പദ്ധതിയും നടപ്പിലാക്കി. എന്നിട്ടും കൈക്കൂലിക്ക് മാത്രം കുറവില്ലാത്ത അവസ്ഥയായി. എന്നാൽ, അഴിമതിക്കുള്ള പഴുതുകൾ അടയ്ക്കുന്ന സർക്കാർ നടപടി അട്ടിമറിക്കാൻ വാണിജ്യനികുതി വകുപ്പിലെ പ്രബല വിഭാഗം രഹസ്യമായി കരുനീക്കം നടത്തുന്നുണ്ട്. സംയോജിത ചെക്പോസ്റ്റ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്.
മറുനാടന് മലയാളി ബ്യൂറോ