- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തില്ല; 'വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താനുള്ള അവസരം'; വാളയാർ പെൺകുട്ടികളുടെ അമ്മ പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കും; ജനവിധി തേടുന്നത് സ്വതന്ത്രസ്ഥാനാർത്ഥിയായി
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. സ്വതന്ത്രസ്ഥാനാർത്ഥി ആയി ആണ് മത്സരിക്കുക. വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായി മത്സരം. സംഘപരിവാർ സംഘടനകളുടെ പിന്തുണ വേണ്ടെന്നും അവർ നിലപാടെടുത്തു.
കുടുംബത്തിനൊപ്പം നിൽക്കുമെന്ന് പറഞ്ഞിട്ടും വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ കിട്ടുന്ന അവസരമാണ് ഇതെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കാസർകോട് മുതൽ തൃശൂർ വരെയുള്ള യാത്രക്കിടെ ധർമ്മടം മണ്ഡലത്തിൽ പോയിരുന്നു. അവിടെ കുറേ അമ്മമാർ ഞങ്ങളെ സ്വീകരിച്ചു. അവർക്ക് ഞാനൊരു കത്തുകൊടുത്തു. സ്വന്തം മക്കൾക്ക് വേണ്ടി തല മുണ്ഡനം ചെയ്ത ഒരു അമ്മ നീതിക്ക് വേണ്ടി ഇതുവഴി വന്ന് പോയി എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വോട്ട് ചോദിക്കാനെത്തുന്നവരോട് പറയണമെന്ന് കത്തിൽ ആവശ്യപ്പെട്ടതായി വാളയാർ പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിന് ശേഷം അവിടെ നിന്ന് നിരവധി അമ്മമാർ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന പറഞ്ഞുകൂട എന്ന് അവർ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാൻ തീരുമാനിച്ചത്. സമര സമിതിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
കേസ് അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.
വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ്ഐ. ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പെൺകുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറിൽ താൻ സത്യാഗ്രഹം ഇരിക്കുന്നു. എന്നാൽ തന്റെ കണ്ണീർ സർക്കാർ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സർക്കാർ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങൾക്കു മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണെന്നും ഇവർ പറഞ്ഞു. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ