വാഷിങ്ടൻ : സൈബർ ലോകത്തെ വിറപ്പിച്ച വാനാക്രൈ സൈബർ ആക്രമണത്തിന്റെ പിന്നിൽ ഉത്തര കൊറിയയെന്ന് ഇന്ത്യൻ വംശജൻ. ഗൂഗിളിലെ ജീവനക്കാരനായ ഇന്ത്യൻ വംശജൻ നീൽ മേത്തയാണ് ഇത്തരമൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈറസ് കോഡു സഹിതമാണ് നീൽ മേത്ത ഇക്കാര്യം ട്വീറ്റ് ചെയ്തത്. വൈറസിന്റെ സുപ്രധാന തെളിവെന്ന് റഷ്യൻ സുരക്ഷാ ഏജൻസികൾ വിലയിരുത്തിയ വൈറസ് കോഡാണ് നീൽമേത്തയും പുറത്തുവിട്ടത്.

വാനാക്രൈ അറ്റാക്കിനു പിന്നിൽ ഉത്തരകൊറിയയാണെന്ന് അമേരിക്കയും നേരത്തെ ആരോപിച്ചിരുന്നു. വിൻഡോസിലെ പിഴവ് രഹസ്യമാക്കി വച്ച് ചാരവൃത്തിക്ക് ഉപയോഗിച്ച യുഎസ് ദേശീയ സുരക്ഷാ ഏജൻസിക്കു നേരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് അമേരിക്കൻ കമ്പനികളായ സിമാൻടെകും കാപർസ്‌കിയും ഉത്തരകൊറിയയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വാനാക്രൈയ്ക്ക് ഉത്തരകൊറിയയിലെ ഹാക്കർ സംഘമായ ലാസറസിന്റെ പ്രോഗ്രാമുകളുമായി സാമ്യമുണ്ടെന്നാണ് ഇവരുടെ ആരോപണം. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പരിഹസിച്ച അമേരിക്കൻ സിനിമയ്‌ക്കെതിരെ മുൻപ് ആക്രമണം നടത്തിയത് ഈ സംഘമായിരുന്നു. കഴിഞ്ഞ വർഷം ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ഹാക്കിങ്ങിന് പിന്നിലും ഇതേ സംഘം തന്നെയായിരുന്നുവെന്നും അമേരിക്കൻ കമ്പനികൾ ആരോപിക്കുന്നുണ്ട്.

അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയാണ് റാൻസംവെയർ സൃഷ്ടിച്ചതെന്ന ആരോപണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെർട് തള്ളികളഞ്ഞു. ഉത്തരകൊറിയയുടെ പേര് എടുത്തു പറയാതെയാണ് വിദേശ സൈബർ ക്രിമിനൽ സംഘങ്ങളുടെ പങ്ക് അന്വേഷിക്കുന്നുവെന്നാണ് ടോം ബൊസെർട് ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഏതാനു ദിവസങ്ങളായി ലോകത്തെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ആക്രമണത്തിന്റെ തീവ്രത കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഇതുവരെ 150 രാജ്യങ്ങളിലായി മൂന്നുലക്ഷം കംപ്യൂട്ടറുകളിലാണ് വാനാക്രൈ നുഴഞ്ഞുകയറിയത്.