'ഫേസ്ബുക്കിന് മുന്നിൽ കുത്തിയിരുന്ന് ജീവിതം പാഴാക്കാതെ'യെന്ന ഉപദേശം അധികനാൾ സഹിക്കേണ്ടിവരില്ല. ഫേസ്‌ബുക്കിന് മുന്നിൽ കുത്തിയിരിക്കുന്ന ഓരോ നിമിഷങ്ങളും പണമുണ്ടാക്കാനുള്ള വഴിയായി മാറുന്ന കാലം വിദൂരമല്ല. ഫേസ്‌ബുക്കിലെ നിങ്ങളുടെ സാന്നിധ്യത്തെ പണമാക്കി മാറ്റാനുള്ള സാധ്യതകൾ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും സംഘവും ആലോചിച്ചുതുടങ്ങി.

ഗൂഗിൾ ആഡ്‌സ് പോലെ വരുമാനം പങ്കിടുന്ന രീതിയാകും ഫേസ്‌ബുക്കും അവലംബിക്കുക. എന്നാൽ, തൽക്കാലം ഈ സേവനങ്ങൾ ലഭ്യമാവുക വെരിഫൈഡ് അക്കൗണ്ടുകളിൽ മാത്രമാകും. ടിപ് ജാർ, ബ്രാൻഡഡ് കണ്ടന്റ്, സ്‌പോൺസർ മാർക്കറ്റ്‌പ്ലേസ്, ഡൊണേഷൻ ഓപ്ഷൻ, കാൾ ടു ആക്ഷൻ ബട്ടൺ, റെവന്യൂ ഷെയറിങ് തുടങ്ങി വിവിധ രീതിയിലാകും ഇത് നടപ്പിലാകുക.

പോസ്റ്റുകൾക്കൊപ്പം ഏതെങ്കിലും ബ്രാൻഡിന്റെ പരസ്യം കൂടി ഷെയർ ചെയ്യുകയും അതുവഴി വരുമാനം പങ്കിടുകയും ചെയ്യുന്ന രീതിയാകും ഫേസ്‌ബുക്കിൽ നിലവിൽവരികയെന്നാണ് സൂചന. എന്നാൽ, ഇപ്പോഴും ആലോചനാഘട്ടത്തിൽ മാത്രമാണിതെന്ന് ഫേസ്‌ബുക്ക് അധികൃതർ സൂചിപ്പിക്കുന്നു. ഇത്തരത്തിലൊരു സംവിധാനം എപ്പോൾ നിലവിൽവരുമെന്നു പോലും അവർ പറയുന്നില്ല.

പോസ്റ്റുകൾക്ക് പണം നൽകുകയെന്ന ആശയം സോഷ്യൽ മീഡിയയിൽ പുതിയതൊന്നുമല്ല. 2007 മുതൽക്ക് യുട്യൂബ് ഈ സേവനം നൽകുന്നുണ്ട്. ആയിരം കാഴ്ചക്കാർക്ക് 80 ഡോളർ എന്ന നിലയിൽ യുട്യൂബ് ഉപഭോക്താക്കൾക്ക് പണം നൽകുന്നു. ഇതിന് പുറമെ പരസ്യങ്ങൾക്ക് വേറെയും വരുമാനം ലഭിക്കും.

ഇൻസ്റ്റഗ്രാമിൽ ബ്രാൻഡുകൾ ഷെയർ ചെയ്യുന്നതിന് ഇൻസ്റ്റഗ്രാമും പണം നൽകാറുണ്ട്. ചിത്രമൊന്നിന് 45 ഡോളർമുതൽ 2300 ഡോളർവരെ ഇങ്ങനെ സമ്പാദിക്കുന്നവരുണ്ട്. ആയിരം ഫോളേവേഴ്‌സ് ഉള്ള ഒരു ഉപഭോക്താവിന് ആഴ്ചയിൽ രണ്ട് പോസ്റ്റുകളിലൂടെ വർഷം 4725 ഡോളർവരെ ഈ രീതിയിൽ സമ്പാദിക്കാനാവും. ട്വിറ്ററും സ്‌നാപ്ചാറ്റും ഇതേ വഴിയിൽ ഉപഭോക്താക്കളെ സഹായിക്കാറുണ്ട്.