മലപ്പുറം: അദ്ധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹമെങ്കിലും സ്​ഥാനാർഥിയായി പാർ‌ട്ടി തീരുമാനിച്ചതിനാൽ ഇനി വ്യക്​തിപരമായ ഇഷ്​ടാനിഷ്​ടങ്ങൾ സ്​ഥാനമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. ഭരണത്തുടർച്ച ഉറപ്പുവരുത്താൻ കേളപ്പജിയുടേയും മഹാകവി വള്ളത്തോളിന്റെയും മണ്ണിൽനിന്ന് എൽ.ഡി.എഫ് സാരഥി ജയിച്ചുവരണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. തവനൂർ മണ്ഡലത്തിൽ സിപിഎം സ്​ഥാനാർഥിയായി പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ മന്ത്രി തന്റെ നിലപാട്​ വ്യക്​തമാക്കിയത്​. ഒരുപാട് കള്ളപ്രചാരണങ്ങൾ തനിക്കെതിരായി രാഷ്ട്രീയ ശത്രുക്കൾ തൊടുത്തുവിട്ടെങ്കിലും ജനങ്ങൾ അതൊന്നും വിശ്വസിച്ചിട്ടുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

'മഹാപ്രളയവും കോവിഡും തീർത്ത ദുരിതക്കയങ്ങൾക്ക് നടുവിലും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ സമ്പൂർണമായി നിറവേറ്റാനായി എന്ന കൃതാർത്ഥതയോടെയാണ് ഒരിക്കൽകൂടി ഞാൻ നിങ്ങളുടെ മുന്നിലെത്തുന്നത്. ദുരന്തങ്ങൾ മലവെള്ളപ്പാച്ചിലായി ഇരച്ചുവന്ന് വെല്ലുവിളികൾ നിറഞ്ഞൊഴുകിയ കാലത്തെല്ലാം പ്രതിരോധപർവം തീർത്ത് നമുക്ക് താങ്ങും തണലുമായ പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന് ഭരണത്തുടർച്ച ഉറപ്പുവരുത്താൻ കേളപ്പജിയുടേയും മഹാകവി വള്ളത്തോളിന്റെയും മണ്ണിൽനിന്ന് എൽ.ഡി.എഫ് സാരഥി ജയിച്ചുവരണം' -കെ.ടി. ജലീൽ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്റെ പൂർണരൂപം:

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി തവനൂരിൽ വീണ്ടും സിപിഐ (എം) എന്നെ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ? അദ്ധ്യാപന ജീവിതത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു വ്യക്തിപരമായ ആഗ്രഹം. അത് പരസ്യമായിത്തന്നെ ഞാൻ പറഞ്ഞതുമാണ്. എന്നാൽ, പാർട്ടി പറയുന്നത് അനുസരിക്കുമെന്നും അതോടൊപ്പം വ്യക്തമാക്കിയിരുന്നു.
സുചിന്തിതമായ ചില നിലപാടുകൾ ഉയർത്തിപ്പിടിച്ച് 2006ൽ ഒരു സാഹസിക പോരാട്ടത്തിനിറങ്ങിയപ്പോൾ എനിക്ക് സംരക്ഷണ കവചം തീർത്ത സിപിഐ (എം)നെ ജീവിതത്തിൽ മറക്കാനാകില്ല. പാർട്ടി തീരുമാനം എടുത്തുകഴിഞ്ഞു. ഇനി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ല.

തവനൂർ നിവാസികളായ ഒട്ടനവധി ആളുകളും മത്സരരംഗത്ത് ഉണ്ടാകണമെന്ന ആവശ്യം സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തുവർഷം തവനൂരുകാർക്കിടയിൽ കക്ഷി - രാഷ്​ട്രീയ ഭേദമെന്യേ ചെറുതും വലുതും ഔദ്യോഗികവും അനൗദ്യോഗികവുമായ ഏതാണ്ടെല്ലാ ചടങ്ങുകളിലും ഞാനുണ്ടായിരുന്നു.

ജനങ്ങളുടെ സുഖദുഃഖങ്ങളിൽ ഭാഗഭാക്കാവാൻ ആവുന്നത്ര ശ്രമിച്ചു. മനുഷ്യസാധ്യമായതെല്ലാം നാട്ടുകാർക്ക് ചെയ്തുകൊടുക്കാനും ശ്രദ്ധിച്ചു. മുന്നിലെത്തുന്ന ഒരാളോടും പാർട്ടിയോ മതമോ ജാതിയോ അന്വേഷിച്ചിട്ടില്ല. ഒരാളോടും മുഖം തിരിച്ചതായി ഓർമിയിൽ എവിടെയുമില്ല. എനിക്ക് തവനൂരുകാർ എപ്പോഴും കൂടപ്പിറപ്പുകളാണ്. അനുഭവങ്ങളിൽ അവർക്ക്​ ഞാൻ മകനും സഹോദരനും സുഹൃത്തുമെല്ലാമാണ്. അവസാന ശ്വാസംവരെയും അതങ്ങിനെത്തന്നെയാകും.

ഒരുപാട് കള്ളപ്രചാരണങ്ങൾ എനിക്കെതിരായി രാഷ്ട്രീയ ശത്രുക്കൾ തൊടുത്തുവിട്ടത് നിങ്ങളുടെ ഓർമപ്പുറത്തുണ്ടാകും. തവനൂർ നിയോജക മണ്ഡലത്തിലെ ഒരാളുപോലും അതു വിശ്വസിച്ചിട്ടുണ്ടാവില്ല. കാരണം, എന്റെ വീടും കുടുംബവും സൗകര്യങ്ങളും ജീവിതവുമെല്ലാം അവർ നേരിൽ കണ്ടിട്ടുള്ളതാണ്. തന്നെയുമല്ല, ഞാനുമായുള്ള ഇടപഴകലിൽ എന്നെക്കാളധികം ഞാനാരാണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകും.

തെരഞ്ഞെടുപ്പ് വേളകളിലും സ്വകാര്യമായ കൂടിക്കാഴ്ചകളിലും ജനപ്രതിനിധി എന്ന നിലയിൽ നാട്ടുകാർക്ക് നൽകിയ എല്ലാ വാഗ്ദാനകളും നിറവേറ്റാൻ കഴിവിന്റെ പരമാവധി ശ്രമിച്ചതിന് തവനൂരിന്റെ മുക്കുമൂലകൾ സാക്ഷിയാണ്. പല പദ്ധതികളും പൂർത്തിയാക്കാനായി. പലതും പൂർത്തീകരണ പാതയിലാണ്. ചിലതെല്ലാം ആരംഭ ഘട്ടത്തിലുമാണ്.

മഹാപ്രളയവും കോവിഡും തീർത്ത ദുരിതക്കയങ്ങൾക്ക് നടുവിലും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ സമ്പൂർണമായി നിറവേറ്റാനായി എന്ന കൃതാർത്ഥതയോടെയാണ് ഒരിക്കൽകൂടി ഞാൻ നിങ്ങളുടെ മുന്നിലെത്തുന്നത്. ദുരന്തങ്ങൾ മലവെള്ളപ്പാച്ചിലായി ഇരച്ചുവന്ന് വെല്ലുവിളികൾ നിറഞ്ഞൊഴുകിയ കാലത്തെല്ലാം പ്രതിരോധപർവ്വം തീർത്ത് നമുക്ക് താങ്ങും തണലുമായ സ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിന് ഭരണത്തുടർച്ച ഉറപ്പുവരുത്താൻ കേളപ്പജിയുടേയും മഹാകവി വള്ളത്തോളിന്റെയും മണ്ണിൽനിന്ന് എൽ.ഡി.എഫ് സാരഥി ജയിച്ചുവരണം. നാടിന് വേണ്ടിയുള്ള പേരാട്ട വീഥിയിൽ പടച്ചട്ടയണിഞ്ഞ് നിങ്ങളോരോരുത്തരും എല്ലാ കക്ഷിത്വവും മറന്ന് തുടർയാത്രയിലും കൂടെയുണ്ടാകണമെന്നാണ് എന്റെ അതിയായ ആഗ്രഹം. സഫലമാകുമെന്നുറപ്പുള്ള ഈ കുതിപ്പിൽ നിങ്ങളും അണിചേരുക.