അഡിസ് അബാബ: ആറ് ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഒരു നാടിന്റെ നിയന്ത്രണത്തിനുവേണ്ടിയുള്ള പോരാട്ടം. ആഭ്യന്തരയുദ്ധത്തിൽ വിജയം നേടിയെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും അധിനിവേശക്കാർ പുറത്ത് പോകുന്നതുവരെ പോരാട്ടം തുടരുമെന്ന് പറയുകയാണ് വിമത സേനാ നേതൃത്വം. എത്യോപ്യയിലെ അഭ്യന്തര യുദ്ധം ഇനിയുമേറെനാൾ നീണ്ടുനിൽക്കുമെന്നാണ് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ മേഖലയിലെ വിമത സേനയുമായുള്ള പോരാട്ടത്തിൽ വിജയം നേടിയെന്ന് പ്രധാനമന്ത്രി അബി അഹമ്മദിന്റെ പ്രഖ്യാപനം വന്നിട്ട് ഏറെ ദിവസങ്ങളായിട്ടില്ല. വടക്കൻ മേഖലയിലെ വിമത സേനയ്ക്കെതിരായ ഒരു മാസത്തോളം നീണ്ട പോരാട്ടത്തിൽ ഒരു സിവിലിയനെ പോലും ഫെഡറൽ സൈന്യം കൊന്നിട്ടില്ലെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച പ്രധാനമന്ത്രി അബി അഹമ്മദിന്റെ പ്രഖ്യാപനം വന്ന ശേഷവും രാജ്യത്ത് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയുടെ അവകാശവാദം തള്ളിക്കളഞ്ഞ് എത്യോപ്യയിലെ വിമത മേഖലയായ ടിഗ്രേയിലെ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ തുറന്നടിച്ചു. പ്രധാനമന്ത്രി അബി അഹമ്മദ് ''ഭ്രാന്ത് അവസാനിപ്പിക്കാനും'' സൈന്യത്തെ പിൻവലിക്കാനും തയ്യറാകണമെന്ന് ജബ്രെമൈക്കൽ ആവശ്യപ്പെട്ടു. സർക്കാർ ആഭ്യന്തര യുദ്ധം വിജയിച്ചെന്ന് അവകാശപ്പെട്ട് രണ്ട് ദിവസത്തിന് ശേഷവും ആഭ്യന്തരയുദ്ധം തുടരുന്നതായി അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പേരാട്ടം അവസാനിച്ചിട്ടില്ലെന്നും തങ്ങൾക്ക് വിജയ പ്രതീക്ഷയുണ്ടെന്നുമാണ്  പറയുന്നത്. അധിനിവേശക്കാർ പുറത്തുപോകുന്നതുവരെ പോരാട്ടം തുടരുമെന്നും ടിഗ്രേയൻ നേതാവ് ഡിബ്രെഷൻ ജെബ്രെമൈക്കൽ പറഞ്ഞു. റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് നൽകിയ സന്ദേശത്തിൽ സർക്കാറിന്റെത് വഞ്ചനാപരമായ അവകാശവാദമാണെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്ന് വിമത പക്ഷം ആരോപിച്ചു. എത്യോപ്യൻ ഫെഡറൽ സേനയ്ക്കൊപ്പം പോരാടുന്ന ചില എറിത്രിയൻ സൈനികരെ തടവുകാരനാക്കിയിട്ടുണ്ടെന്ന ജെബ്രെമൈക്കൽ അവകാശപ്പെട്ടു.മൂന്നാഴ്ചയിലേറെ നീണ്ട പോരാട്ടത്തിന്റെ തുടക്കത്തിൽ എത്യോപ്യയ്‌ക്കൊപ്പം എറിത്രിയൻ സൈനികർ പങ്കെടുക്കുന്നില്ലെന്നായിരുന്നു എറിത്രിയൻ സർക്കാർ പറഞ്ഞത്. വടക്കൻ മേഖലയിലെ സർക്കാറിന്റെ വിജയപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, ടിഗ്രേയിലെ വിമത സേന ഒരു സൈനിക വിമാനം വെടിവച്ചിട്ടെന്നും ആക്‌സം പട്ടണം തിരിച്ചുപിടിച്ചെന്നും അവകാശപ്പെട്ടു.
സൈനിക വിമാനത്തിന്റെ പൈലറ്റിനെ പിടികൂടിയതായും ഡിബ്രെഷൻ ജെബ്രെമൈക്കൽ
റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ വിമത പക്ഷത്തിന്റെ ഈ അവകാശവാദത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.

നവംബർ 4 ന് യുദ്ധം ആരംഭിച്ചത് മുതൽ ടിഗ്രേ മേഖലയിലേക്കുള്ള ഫോൺ, ഇന്റർനെറ്റ് കണക്ഷനുകൾ നിശ്ചലമായിരുന്നു. അതിനാൽ യുദ്ധം തുടരുകയാണോയെന്ന് പരിശോധിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018 ൽ അബി അധികാരത്തിൽ വരുന്നതുവരെ മൂന്ന് പതിറ്റാണ്ടായി കേന്ദ്രസർക്കാരിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന വംശീയ അധിഷ്ഠിത പാർട്ടിയായിരുന്നു ടിപിഎൽഎഫ് എന്ന സായുധ വിഭാഗമായിരുന്നു ട്രിഗേയുടെ ഭരണം കൈയാളിയത്. ടിപിഎൽഎഫിനെ തകർത്ത് രാജ്യത്തിന്റെ ഏകീകരണത്തിനുള്ള ശ്രമമാണ് അബു അഹമ്മദിന്റെതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അവകാശപ്പെടുന്നു.

ആഭ്യന്തരയുദ്ധത്തിന് പ്രശ്‌നപരിഹാരമായി മധ്യസ്ഥത വഹിക്കാമെന്ന അന്താരാഷ്ട്ര വാഗ്ദാനങ്ങൾ പ്രധാനമന്ത്രി നിരസിച്ചു. ഫെഡറൽ സൈന്യം ടിഗ്രേയൻ തലസ്ഥാനമായ മെക്കല്ലെയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ടിപിഎൽഎഫ് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള ശ്രമത്തിലാണ് ഫെഡറൽ പൊലീസെന്നും പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. രാജ്യദ്രോഹക്കുറ്റം, അനധികൃത സ്വത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് ടിപിഎൽഎഫ് 17സൈനിക ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി സർക്കാർ ടിവി റിപ്പോർട്ട് ചെയ്തു. ടിപിഎൽഎഫുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മറ്റ് 117 മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇതിനകം അറസ്റ്റ്‌വാറണ്ട് നിലവിലുണ്ട്. എന്നാൽ ഏതെങ്കിലും ടിപിഎൽഎഫ് നേതാക്കൾ കീഴടങ്ങുകയോ പിടിക്കപ്പെടുകയോ. ചെയ്‌തെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ ഒരു ശവക്കുഴിയിൽ ഒന്നിലധികം മൃതദേഹങ്ങൾ അടക്കിയ നിലയിൽ 70 ശവക്കുഴികൾ ടിഗ്രേയിലെ ഹുമേര പട്ടണത്തിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ടിപിഎൽഎഫ് അനുകൂല പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മെക്കലിലെ പെട്ടെന്നുള്ള സൈനിക വിജയം പോരാട്ടത്തിന്റെ അന്ത്യം കുറിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.