കോഴിക്കോട്: ബിലാത്തികുളത്തെ കേശവമേനോൻ നഗർ ബിലാത്തികുളം ഹൗസിങ് കോളനിയുടെ മതിലും ഗേറ്റും പൊളിച്ചെന്ന പരാതിയിൽ നടപടി എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കോളനി നിവാസികൾ. കോർപറേഷനിലെ 69ാം വാർഡിൽ കൈയേറി ഗേറ്റും മതിലും പൊളിച്ചത് 65ാം വാർഡ് കൗൺസിലർ അൽഫോൻസ മാത്യുവിന്റെയും കോർപറേഷൻ ജീവനക്കാരി സുലൈഖയുടെയും അച്യുതലാൽ എന്നയാളുടെയും നേതൃത്വത്തിലാണെന്നും സിറ്റി പൊലീസ് കമ്മിഷണർക്ക് ഉൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും കേശവമേനോൻ നഗർ ബിലാത്തികുളം ഹൗസിങ് കോളനി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

സെപ്റ്റംബർ ഏഴിനാണ് കോളനിയിലേക്ക് അതിക്രമിച്ച് കയറി പടിഞ്ഞാറ് ഭാഗത്തെ ചുറ്റമതിലും ഗേറ്റും പൊളിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. അക്രമം നടത്തിയവരുടെ പേരുവിവരങ്ങൾ സഹിതമാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈയിലുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച ബിലാത്തികുളം ഹൗസിങ് കോളനി ജില്ലയിലെ ഏറ്റവും വലിയ ഇത്തരത്തിലുള്ള ഭവന സമുച്ചയാണ്. കോളനിയിൽ 30 ബ്ലോക്കുകളിലായി 250 വീടുകളാണ് ഉള്ളത്. ഇന്നാട്ടുകാരും പല നാടുകളിൽ നിന്നും കോഴിക്കോോട്ടെത്തിയവരും ആണ് ഇവിടുത്തെ താമസക്കാർ.

ഭവന നിർമ്മാണ ബോർഡ് ഓരോ ഫ്‌ളാറ്റ് ഉടമകയ്ക്കും നിയമ പ്രകാരം രജിസ്റ്റർ ചെയ്തു നൽകിയതാണ് ഫ്‌ളാറ്റുകൾ. വസ്തുവിന്റെ ഓഹരി അവകാശത്തിന് ആനുപാതികമായി ഉടമകൾ ഓരോരുത്തരും നികുതിയും അടച്ചുവരുന്നുണ്ട്. അതുകൊണ്ട് തന്നെ കോളനിയിലൂടെയുള്ള വഴി അടക്കമുള്ള വസ്തു ഫ്‌ളാറ്റ് ഉടമകൾക്ക് മാത്രം കൂട്ടവകാശപ്പെട്ടതും മറ്റാർക്കും അവകാശം ഇല്ലാത്തതുമാണെന്നും നിവാസികൾ പറയുന്നു.

കോവിഡ് വ്യാപിച്ച സമയത്താണ് സുരക്ഷയും അധികൃതരുടെ നിർദ്ദേശവും അനുസരിച്ച് പടിഞ്ഞാറുഭാഗത്തുള്ള ഗേറ്റ് അടച്ചത്. ഇതുവഴിയുള്ള റോഡ് കോളനി നിവാസികളുടെ സ്വകാര്യ ഭൂമിയാണ്. എന്നാൽ ഇത് പൊതുവഴിയാണെന്നും ഗേറ്റ് പുറത്തുള്ളവർക്കായി തുറന്നുകൊടുക്കണമെന്ന് കാണിച്ച് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽയിരുന്നു. ഇതിനെതിരെ കോഴിക്കോട് സിവിൽ കോടതിയിൽ കേസ് നൽകിയതിനെ തുടർന്ന് ഇൻജെക്ഷൻ ഉത്തരവ് ലഭിച്ചിട്ടുണ്ട്.

ഹൈക്കോടതി സ്റ്റേയും നിലവിലുണ്ട് ഈ സാഹചര്യത്തിലാണ് കൗൺസിലറുടെയും കോർപറേഷൻ ജീവനക്കാരിയുടെയും നേതൃത്വത്തിൽ കൈയേറി മതിലും ഗേറ്റും പൊളിച്ചതെന്ന് അസോസിയേഷൻ സെക്രട്ടറി അരങ്ങിൽ ഉമേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ പുത്തലത്ത് എന്നിവർ പറയുന്നു.

ഹൗസിങ് കോളനിയുടെ പുറത്ത് പടിഞ്ഞാറു ഭാഗത്ത് കോർപ്പറേഷന് അവകാശപ്പെട്ട ഭൂമിയുണ്ട്. അവിടെ ഉണ്ടായിരുന്ന സി ഡി എയുടെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിലേക്ക് വഴി തുറക്കുന്നതിനായുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് കോളനി നിവാസികളുടെ ആരോപണം.