ന്യൂഡൽഹി: കാര്യക്ഷമതയുടെ പേരിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയെന്നാണ് സുഷമ സ്വരാജിനെ വിശേഷിപ്പിക്കുന്നത്. വിദേശ ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സുഷമ നടത്തുന്ന അതിവേഗ ഇടപെടലുകളാണ് അവരെ ഏവരുടെയും പ്രിയങ്കരിയായി മാറ്റിയത്. ഏതുകാര്യത്തിനും ട്വിറ്ററിലൂടെ മറുപടി നല്കുന്ന സുഷമയുടെ നടപടിയെ ലോകമാധ്യമങ്ങൾ വരെ പ്രശംസിച്ചിരുന്നു. ഇതിന് സുഷമയുടെ ട്വിറ്റർ നയതന്ത്രം എന്നുവരെ പേരിടുകയും ചെയ്തു.

ഇതിനിടെയാണ് വൃക്ക സംബന്ധമായ അസുഖം സുഷമയെ ബാധിക്കുന്നത്. എന്നാൽ ആശുപത്രിക്കിടക്കിയിലും അവർ കർമനിരതയായിരുന്നു. കഴിഞ്ഞ ഡിസംബർ 10ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ സ്വരാജ് ഇന്ന് ആദ്യമായി ലോക്‌സഭയിലെത്തി. കക്ഷിഭേദമെന്യേ എല്ലാ സഭാ അംഗങ്ങളും ഊഷ്മള സ്വീകരണമാണു നല്കിയത്.

സുഷമയോടു ചോദ്യം ചോദിക്കാനായി എഴുന്നേറ്റ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഖെയാണ് ആദ്യമായി സ്വാഗതം ആശംസിച്ചത്. ദീർഘനാളത്തെ ചികിത്സയ്ക്കുശേഷം സുഖംപ്രാപിച്ച് എത്തിയ സുഷമയ്ക്ക് സ്വാഗതം ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുഷമ ദീർഘനാൾ ആരോഗ്യത്തോടെ ജീവിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇതോടെ സഭയിലെ മറ്റ് അംഗങ്ങൾ എല്ലാവരും എഴുന്നേറ്റു നിന്ന് ഡസ്‌കിൽ അടിച്ച് സുഷമയ്ക്ക് ആശംസ നേരുകയായിരുന്നു. ഇതിനിടെ സ്പീക്കർ സുമിത്ര മഹാജനും സുഷമയുടെ വരവിൽ സന്തോഷം പ്രകടിപ്പിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സുഷമയും മറുപടി നല്കി. എല്ലാവരുടെയും പ്രാർത്ഥനയും ശുഭചിന്തയുമാണ് തന്റെ രോഗം പെട്ടന്നു മാറാൻ കാരണമെന്നും അതിൽ നന്ദി അറിയിക്കുന്നതായും അവർ വൈകാരികമായി കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച വിജയം നേടിയശേഷം ആദ്യമായി സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷി അംഗങ്ങൾ ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു.