ബെർലിൻ: അടുത്ത കാലത്തായി പ്രചരിച്ചിരിക്കുന്ന വീഗൻ ഡയറ്റ് ആരോഗ്യത്തിന് ഹാനികരമാകുമെന്ന മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തി. മത്സ്യ- മാംസമോ പാലുത്പന്നങ്ങളോ ആഹാരത്തിൽ ഉൾപ്പെടുത്താതെ പൂർണമായും വെജിറ്റേറ്റിയൻ രീതിയിലുള്ള ഭക്ഷണരീതിയാണ് വീഗൻ ഡയറ്റ്. വീഗൻ ഡയറ്റിന് മുമ്പെങ്ങും ഇല്ലാത്തത്ര പ്രചാരമാണ് ഇപ്പോൾ ജർമനിയിൽ ലഭിച്ചിട്ടുള്ളത്.

സമ്പൂർണമായും ഇലക്കറികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ആഹാര രീതിയായതിനാൽ ശരീരത്തിന് വേണ്ടി ചില സുപ്രധാന പോഷകങ്ങളുടെ അഭാവം ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം എന്നാണ് ഗവൺമെന്റ് പ്രസ്താവനയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. മാംസത്തിൽ മാത്രം കണ്ടു വരുന്ന B12 എന്ന ജീവകത്തിന്റെ അഭാവം വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് നേരിടുമെന്നും ഗുളികകളിലൂടെ മാത്രമേ ഇവർക്ക് പിന്നീട് ഇതിന്റെ അഭാവം നികത്താൻ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

B12 ജീവകം ഏറെ നാൾ ശരീരത്തിന് ലഭ്യമല്ലാത്ത അവസ്ഥ ഏറെ നാഢീസംബന്ധമായ രോഗങ്ങൾക്ക് വഴി തെളിക്കുമെന്നും അത് ഡിപ്രഷൻ, സൈക്കോസിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ വിറ്റാമിൻ ഡി, കാൽസ്യം, അയൺ, സിങ്ക് തുടങ്ങിയ ജീവകങ്ങളുടെ അഭാവവും വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് ഉണ്ടാകും. ഗർിണികൾ, മുലയൂട്ടുന്നവർ തുടങ്ങിയവർ വീഗൻ ഡയറ്റ് പിന്തുടരുന്നതിൽ നിന്ന് മാറിനിൽക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു. കൂടാതെ കുട്ടികൾക്കും ടീനേജുകാർക്കും വീഗൻ ഡയറ്റ് നൽകരുതെന്നും സർക്കാർ നിർദേശമുണ്ട്.

ബെർലിനിൽ അടുത്തകാലത്തായി വീഗൻ റെസ്റ്റോറന്റുകളും ആരംഭിച്ചിട്ടുണ്ട്. വീഗൻ ഡയറ്റ് പിന്തുടരുന്നവരുടെ സംഘടനയായ വെബു പ്രകാരം തലസ്ഥാനത്തു തന്നെ 80,000 പേർ വീഗൻ ഡയറ്റ് പിന്തുടരുന്നുണ്ട്.