തിരുവനന്തപുരം: അയ്യപ്പന്മാർ അലങ്കരിച്ചവാഹനങ്ങളിലും യാത്രികരെ കയറ്റാൻ അനുമതിയില്ലാത്ത വാഹനങ്ങളിലും ശബരിമലയിലേക്ക് എത്തരുതെന്ന മുന്നറിയിപ്പുമായി റോഡ് സുരക്ഷാ വിഭാഗം. ഇത്തരം യാത്രകൾ നിയമവിരുദ്ധവും അപകടസാധ്യതയുമുള്ളതുമാണെന്ന് റോഡ് സുരക്ഷാ കമ്മിഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ജില്ലാ പെർമിറ്റുകൾ മാത്രമുള്ള ഓട്ടോറിക്ഷകളിലും ചരക്കുകൾ കയറ്റുന്ന വാഹനങ്ങളിലും അയ്യപ്പന്മാർ എത്തുന്നത് നിയമവിരുദ്ധമാണ്. അതുകൂടാതെ ഇത്തരം വാഹനങ്ങളിലെ യാത്രയിൽ യാത്രികർക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയും വളരെയധികമാണെന്ന് കമ്മിഷണർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളിലെ അലങ്കാരങ്ങൾ വന്യമൃഗങ്ങളെ ആകർഷിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ബൈക്കുകളിൽ ഹെൽമറ്റ് ധരിക്കാതെയും അനുവദിച്ചതിലേറെ ആളുകളെ കയറ്റിയും ഭക്തന്മാർ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ ഇത്തരത്തിൽ കൃത്യമായ നിബന്ധനകൾ പാലിക്കാതെ എത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

കമ്മീഷണറുടെ പത്രക്കുറിപ്പ് ഇങ്ങനെ: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് അന്യ ജില്ലകളിൽനിന്നും അയ്യപ്പന്മാർ അലങ്കരിച്ച ഓട്ടോറിക്ഷകളിലും ഗുഡ്‌സ് വാഹനങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നത് നിയമവിരുദ്ധവും അപകടസാധ്യതയേറുന്നതുമാണ്. ജില്ലാ പെർമിറ്റുകൾ മാത്രമുള്ള ഓട്ടോറിക്ഷകളിലും ചരക്കുകൾ കയറ്റുന്ന വാഹനങ്ങളിലും അയ്യപ്പന്മാർ യാത്ര ചെയ്യുന്നത് നിയമ പരിരക്ഷയില്ലാത്തതാണ്. അതുകൂടാതെ ഇത്തരം വാഹനങ്ങളിലെ യാത്രയിൽ യാത്രികർക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയും വളരെയധികമണ്.

വാഹനങ്ങളിലെ അലങ്കാരങ്ങൾ വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ അത്തരത്തിലുള്ള അപകടസാധ്യതയും ഏറെയാണ്. ഇത്തരത്തിലുള്ള അപകടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞയാഴ്ച ഒരു അയ്യപ്പ ഭക്തന്റെ മരണവും സംഭവിക്കുകയുണ്ടായി. ആയതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങളിലെ യാത്രകൾ ഒഴിവാക്കി നിയമമനുസരിച്ചുള്ള യാത്രാ സംവിധാനം നടപ്പിലാക്കാക്കാൻ സഹകരിക്കണമെന്ന് എല്ലാ ഭക്തന്മാരോടും റോഡ് സുരക്ഷാ കമ്മിഷണർ അഭ്യർത്ഥിക്കുന്നു. നിയമപരമായ ഈ അഭ്യർത്ഥന കണക്കിലെടുക്കാത്ത പക്ഷം ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.

അതുപോലെ മോട്ടോർ ബൈക്കുകളിൽ ഹെൽമറ്റ് ധരിക്കാതെയും അനുവദിച്ചതിലേറെ ആളുകളെ കയറ്റിയും ഭക്തന്മാർ സഞ്ചരിക്കുന്നതും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ആയതിനാൽ ഇത്തരത്തിലുള്ള വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കി നിയമമനുസരിച്ചുള്ള യാത്രാ സംവിധാനം നടപ്പിലാക്കി അപകടരഹിതമായ ഒരു തീർത്ഥാനടന കാലം ഉണ്ടാക്കുന്നതിന് സഹകരിക്കണമെന്ന് എല്ലാ ഭക്തന്മാരോടും റോഡ് സുരക്ഷാ കമ്മിഷണർ അഭ്യർത്ഥിക്കുന്നു.