ഗോള സമ്പന്നമാരിൽ രണ്ടാമനാണ് ബാരൺ ബുഫെയെന്ന അമേരിക്കൻ നിക്ഷേപകൻ. ഓഹരി വിപണിയിലെ നിക്ഷേകപനെന്ന നിലയിൽ അദ്ദേഹം കൈവരിച്ച വിജയം സാമ്പത്തിക ശാസ്ത്രത്തിലെ പഠിക്കേണ്ട കാര്യങ്ങളിലൊന്നാണ്. ബുഫെ എങ്ങനെ സമ്പത്തിന്റെ കൊടുമുടി കയറിയെന്നത് അറിയുമ്പോൾ, അതിശയിപ്പിക്കുന്ന മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

ആപ്പിൾ കമ്പനിയിലെ ഒന്നാം നിര ഓഹരിയുടമകളിലൊരാളാണ് ബുഫെ. പത്തുപുത്തൻ കിട്ടിയാൽ ഒരു ഐഫോൺ സ്വന്തമാക്കാത്തവർ ലോകത്തില്ല. പക്ഷേ, ബുഫെ അങ്ങനെയല്ല. അദ്ദേഹത്തിന് ഐഫോണില്ല. എന്നുമാത്രമല്ല, ഇന്നേവരെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ചിട്ടുമില്ല. മൊബൈൽ ഫോണുകളുടെ തുടക്കത്തിലുള്ള പഴയ ഒരു മോഡലാണ് ഇന്നും അദ്ദേഹത്തിന്റെ പക്കലുള്ളത്.

തന്റെ പക്കലുള്ള ഉപകരണങ്ങളെ, 20-25 വർഷങ്ങളെങ്കിലും ഉപയോഗിക്കാതെ ഉപേക്ഷിക്കുകയില്ലെന്നതാണ് ബുഫെയുടെ ശീലം. നോക്കിയയുടെ പഴയ മോഡൽ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചോൾ, അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.അതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിപണിയിലും ബുഫെയുടെ തന്ത്രമിതാണ്. ഓഹരികൾ വാങ്ങിക്കൂട്ടി ദീർഘകാലം സ്വന്തമാക്കിവെക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. 1958-ൽ ഒമാഹയിൽ വാങ്ങിയ മൂന്ന് ബെഡ്‌റൂമുകൾ മാത്രമുള്ള ചെറിയ വീട്ടിലാണ് ഇന്നും അദ്ദേഹം താമസിക്കുന്നത്. ലോകത്തേറ്റവും സമ്പന്നന്മാരിലൊരാളെന്ന നിലയ്ക്ക് ഏതുകൊട്ടാരവും വിലകൊടുത്ത് വാങ്ങാൻ കഴിയുമെങ്കിലും ബുഫെ, താൻ തുടങ്ങിയേടത്തുതന്നെ ഇന്നും താമസിക്കുന്നു.

സാങ്കേതിക വിദ്യയുടെ വളർച്ചയോടും അദ്ദേഹത്തിന് വലിയ മതിപ്പില്ല. ഇന്നോളം ഇമെയിൽ ഉപയോഗിക്കാത്ത വ്യക്തിയാണ് ബുഫെ. സാങ്കേതിക വിദ്യയോട് താത്പര്യമില്ലാത്തതുകൊണ്ടല്ല ഇതെന്ന് ബുഫെ തന്നെ പറയുന്നു. തന്റേതായ ഇഷ്ടങ്ങളിൽ ജീവിക്കുന്നതിലാണ് എനിക്ക് താത്പര്യമെന്നാണ് ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം.

2014 വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന കാർ എട്ടുവർഷം പഴക്കമുള്ള കാഡിലാക്് ആയിരുന്നു. വർഷം 3500 മൈൽ മാത്രം സഞ്ചരിക്കുന്ന താനെന്തിന് കൂടെക്കൂടെ പുതിയ കാർ വാങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒടുവിൽ ജനറൽ മോട്ടോഴ്‌സിന്റെ സിഇഒയ്ക്ക് പുതിയ കാർ വാങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടിവന്നു. അതിനുശേഷമാണ് 2006-ൽ വാങ്ങിയ കാർ മാറ്റി പുതിയ കാഡിലാക് വാങ്ങിയത്.

സ്വന്തമായി ജെറ്റ് വിമാനമുണ്ടെങ്കിലും ബുഫെ അതിൽ പറന്ന് നടക്കാറില്ല. അടിയന്തര സാഹചര്യത്തിലുള്ള ബിസിനസ് യോഗങ്ങൾക്ക് പോകുമ്പോൾ മാത്രമേ അദ്ദേഹം അതുപയോഗിക്കാറുള്ളൂ. വിപണിയിലെ ട്രെൻഡുകൾ മാറ്റിമറിക്കുന്നതിൽ വിദഗ്ധനാണെങ്കിലും ലോകത്തിന്റെ ട്രെൻഡുകൾക്ക് അനുസരിച്ച് സ്വന്തം ജീവിതം മാറ്റാനുദ്ദേശിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.