ന്യൂഡൽഹി: രാജ്യസഭയിൽ എഐഎഡിഎംകെ എംപിയുടെ വക നാടകീയ രംഗങ്ങൾ. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് എഐഎഡിഎംകെ എംപി രാജ്യസഭയിൽ പൊട്ടിക്കരഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള എംപി ശശികലയാണ് രാജ്യസഭയിൽ നാടകീയ രംഗങ്ങൾക്ക് വഴിവച്ചത്.

ഡൽഹി വിമാനത്താവളത്തിൽ വച്ച് ഡിഎംകെ എംപി തിരുച്ചി ശിവയുമായുള്ള കയ്യാങ്കളിയെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയശേഷമാണ് എംപി രാജ്യസഭയിൽ പൊട്ടിക്കരഞ്ഞത്. തന്നോട് രാജിവയ്ക്കാൻ പാർട്ടി ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ താൻ രാജിവയ്ക്കില്ല പുറത്തിറങ്ങിയാൽ തന്നെ അപായപെടുത്തുമെന്നും ശശികല പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെങ്കിൽ ചെയർമാന് പരാതി നൽകാൻ രാജ്യസഭയിൽ ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷൻ പി ജെ കുര്യൻ നിർദ്ദേശിച്ചു.

എം പിയെ മർദ്ദിച്ച പ്രശ്‌നത്തിൽ എഐഎഡിഎംകെയിൽ നിന്ന് ശശികലയെ പുറത്താക്കിയിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതിനാലാണ് നടപടി. എന്നാൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെയാണ് മർദ്ദിച്ചതെന്നുമാണ് ശശികലയുടെ നിലപാട്. ജയലളിത ട്വിറ്ററിലൂടെയാണ് ശശികലയെ പുറത്താക്കിയ കാര്യം അറിയിച്ചത്. സംഭവം പാർട്ടിക്ക് അപമാനമുണ്ടാക്കിയതിനാലാണ് ശശികലക്കെതിരെ നടപടിയെടുത്തതെന്ന് ജയലളിത ട്വിറ്ററിലെ കുറിപ്പിൽ പറയുന്നു. പാർട്ടിയെയും നേതൃത്വം നൽകുന്ന ജയലളിതയെയും മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്നാരോപിച്ചാണ് എഐഎഡിഎംകെ വനിതാ രാജ്യസഭാംഗം ഡിഎംകെ അംഗത്തെ തല്ലിയത്. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞദിവസമാണ് സംഭവം.

പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ചെന്നൈയിലേക്കുള്ള ജെറ്റ് എയർവേസിന്റെ വിമാനത്തിൽ പുറപ്പെടാനെത്തിയതായിരുന്നു എംപിമാരായ എഐഎഡിഎംകെ അംഗം ശശികല പുഷ്പയും ഡിഎംകെ പ്രതിനിധി തിരുച്ചി ശിവയും. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ ശശികല ഓടിയത്തിെ ശിവയെ ഷർട്ടിന് കടന്നുപിടിച്ച് അടിക്കുകയായിരുന്നു. ഡിഎംകെയിലെ മുതിർന്ന നേതാവാണ് തിരുച്ചി ശിവ.