ചെന്നൈ: ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചു. താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ സുന്ദർ ടീമിനൊപ്പം ചേരാനുള്ള സാധ്യത മങ്ങി. എന്നാൽ ബിസിസിഐ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ല. ജനുവരി 19നാണ് പരമ്പര ആരംഭിക്കുന്നത്.

വരും ദിവസങ്ങളിൽ ടീം മുംബൈയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യാനിരിക്കുകയാണ്. ഇപ്പോൾ ചെന്നൈയിലുള്ള താരം മുംബൈയിൽ എത്തിയേക്കില്ല. താരം ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഉണ്ടാവില്ലെന്ന് ഒരു ബിസിസിഐ ഭാരവാഹി വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് 22കാരന്റെ പരിശോധന ഫലം പോസിറ്റീവായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് സുന്ദർ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പരിക്കും അദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്നകറ്റി. അടുത്തകാലത്ത് പരിക്കിൽ നിന്ന് മുക്തതനായ താരം തമിഴ്‌നാടിനായി വിജയ് ഹസാരെയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചിരുന്നു. ടൂർണമെന്റിലെ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

സുന്ദറിനെ കൂടാതെ രണ്ട് സ്പിന്നർമാരാണ് ടീമിലുള്ളത്. യൂസ്വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവരാണ് മറ്റുരണ്ട് പേർ. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ടീമിനെ നയിക്കുന്നത്. ഈമാസം 19ന് പാളിലാണ് ആദ്യ മത്സരം. 21ന് രണ്ടാം ഏകദിനം ഇതേ ഗ്രൗണ്ടിൽ തന്നെ നടക്കും. 23ന് കേപ്ടൗണിലാണ് മൂന്നാം ഏകദിനം.