കറാച്ചി: ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് ഇതുവരെ വിരാമമായിട്ടില്ല. ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിലും ലോകകപ്പിൽ കിരീടമുയർത്താൻ സാധ്യത കൂടുതൽ ആർക്കെന്ന് പ്രവചിക്കുകയാണ് പാക്കിസ്ഥാൻ മുൻ നായകൻ വസീം അക്രം.

ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും പാക്കിസ്ഥാനും കിരീട സാധ്യതകളുണ്ടെങ്കിലും ടി20 ലോകകപ്പിൽ ഫേവറൈറ്റുകൾ ഇന്ത്യ തന്നെയാണെന്ന് അക്രം പറഞ്ഞു. ടി20 ക്രിക്കറ്റിൽ ഭയരഹിതമായാണ് ഇന്ത്യ കളിക്കുന്നതെന്നും അക്രം വ്യക്തമാക്കി. ഇന്ത്യക്കെന്നപോലെ ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.

ന്യൂസിലൻഡാണ് സാധ്യതയുള്ള മറ്റൊരു ടീം. വെസ്റ്റ് ഇൻഡീസിനെക്കുറിച്ച് പ്രവചിക്കാനാവില്ല. അവരുടെ പ്രധാന കളിക്കാരെല്ലാം ടീമിലുണ്ടെങ്കിലും ഏത് ടീമും ഭയക്കുന്ന ടീമാണ് അവരുടേത്. പാക്കിസ്ഥാൻ കിരീടം ഉയർത്തുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെങ്കിലും ചില മേഖലകളിൽ പാക് ടീം മെച്ചപ്പെടേണ്ടതുണ്ടെന്നും അക്രം പറഞ്ഞു.

12 വർഷത്തെ ഇടവേളക്കുശേഷം പാക്കിസ്ഥാൻ ടി20 ലോകകപ്പ് കിരീടം ഉയർത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. 2009ലാണ് പാക്കിസ്ഥാൻ അവസാനം കിരീടം ഉയർത്തിയത്. എന്നാൽ ടീം കോംബിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പാക്കിസ്ഥാൻ പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം നമ്പറിലെയും ആറാം നമ്പറിലെയും പ്രശ്‌നങ്ങൾ പരിഹരിച്ചാലെ പാക്കിസ്ഥാന് സാധ്യതകളുള്ളുവെന്നും അക്രം പറഞ്ഞു.