- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏകദിന ക്രിക്കറ്റ് നിർത്തലാക്കണം; ബെൻ സ്റ്റോക്സിന്റെ വിരമിക്കലിൽ പ്രതികരണവുമായി വസീം അക്രം; തീരുമാനം വേദനിപ്പിക്കുന്നത്; പക്ഷ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല; ഏകദിന ക്രിക്കറ്റ് താരങ്ങളെ ക്ഷീണിപ്പിക്കുന്നതാണെന്നും പാക് മുൻ ക്യാപ്റ്റൻ

ഇസ്ലാമാബാദ്: ടി20 ക്രിക്കറ്റ് പ്രചാരം നേടിയതോടെ ഏകദിന ക്രിക്കറ്റിന്റെ പ്രൗഡി മങ്ങിയിരിക്കുകയാണ്.സുദീർഘങ്ങളായ മത്സരങ്ങൾ താരങ്ങളെ വേഗത്തിൽ ക്ഷീണതരാക്കുന്നുവെന്നും കാണികളും കുറയുന്നുവെന്നുമൊക്കെയുള്ള ആക്ഷേപങ്ങളാണ് ഏകദിന ക്രിക്കറ്റിന് നേരെ ഉയരുന്നത്.ഇതിന് ആക്കം കൂട്ടുന്നതാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻസ്റ്റോക്കിന്റെ വിരമിക്കൽ പ്രഖ്യാപനം.മൂന്ന് ഫോർമാറ്റിലും കളിക്കാനാവുന്നില്ലെന്നുള്ള കാരണമാണ് സ്റ്റോക്സ് ചൂണ്ടികാണിച്ചത്. അതേസമയം, ടി20യിലും ടെസ്റ്റിലും തുടരുമെന്ന് അറിയിക്കുകയും ചെയ്തു. വരുകാലത്ത് ക്രിക്കറ്റ് ടി20- ടെസ്റ്റ് ഫോർമാറ്റ് മാത്രമായി ചുരുങ്ങുമെന്ന സൂചന കൂടിയാണ് സ്റ്റോക്സ് നൽകുന്നത്.
ഇപ്പോൾ പാക്കിസ്ഥാൻ ഇതിഹാസം വസിം അക്രമിന്റെ വാക്കുകളും സ്റ്റോക്സ് നൽകുന്ന സൂചനയുടെ ശക്തി കൂട്ടുന്നു. ഏകദിന ഫോർമാറ്റ് എടുത്തുകളയണമെന്നാണ് അക്രം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''ടി20 ക്രിക്കറ്റിന് ശേഷം ഏകദിനങ്ങൾ വലിയ മടുപ്പുളവാക്കുന്നു. 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വേദനിപ്പിക്കുന്നു. എന്നാൽ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോർമാറ്റിൽ താരങ്ങൾ ക്ഷീണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് താരങ്ങൾ ടി20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറിൽ നിന്ന് ഏകദിന ഫോർമാറ്റ് എടുത്ത് മാറ്റണമെന്നാണ് എന്റെ അഭിപ്രായം.
ടി20 ക്രിക്കറ്റ് നാല് മണിക്കൂറിനുള്ളിൽ അവസാനിക്കും. ലോകത്താകമാനം ലീഗുകളുണ്ട്. കൂടുതൽ പണം ലഭിക്കുന്നു. മോഡേൺ ക്രിക്കറ്റ് ഇങ്ങനെയാണ്. ട്വന്റി20 അല്ലെങ്കിൽ ടെസ്റ്റ്. ശ്രീലങ്ക, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ ഏകദിനങ്ങൾ കാണാൻ ആളില്ല. ആദ്യ 10 ഓവറിന് ശേഷം സിംഗിൾ എടുത്ത് പോകാമെന്ന നിലയാണ്. 40 ഓവറിൽ 200 റൺസ് നേടിയതിന് ശേഷം അവസാന 10 ഓവറിൽ അടിച്ച് കളിക്കാമെന്നും തീരുമാനങ്ങളുണ്ടാവുന്നു.'' അക്രം പറഞ്ഞുനിർത്തി.
നേരത്തെ മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നതെന്നും എന്നാൽ ഭാവിയിൽ നിരവധി താരങ്ങൾ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി തന്നെ വലിയ പ്രതിസന്ധിയിലാകുമെന്നും ഓജ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് പിന്നാലയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിനുശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് സ്റ്റോക്സ് പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാംപ്യന്മാരാക്കുന്നതിൽ സ്റ്റോക്സ് നിർണായക പങ്കു വഹിച്ചിരുന്നു. 84 റൺസെടുത്ത് മത്സരം ടൈ ആക്കിയ സ്റ്റോക്സ് ആണ് കളി സൂപ്പർ ഓവറിലേക്ക് നീട്ടിയെടുത്തത്.


