- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലവെള്ളപ്പാച്ചിലിൽ മാലിന്യം കുമിഞ്ഞു കൂടി; തലവേദനയെന്ന് നാട്ടുകാർ; മാലിന്യങ്ങൾ നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യം
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് നദികളിലൂടെയും പുഴകളിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊലിച്ചെത്തിയതിനാൽ പലയിടങ്ങളിലും പാലങ്ങളുടെ തൂണുകളിൽ അടിഞ്ഞു കൂടിയിരിക്കുന്നത് വൻ മാലിന്യക്കൂമ്പാരം. പ്ലാസ്റ്റിക്ക് കുപ്പികൾ, ബാഗുകൾ തുടങ്ങി പാഴ്വസ്തുക്കൾ വൻതോതിൽ അടിഞ്ഞത് പരിസ്ഥിതിക്കും ദോഷകരമാണ്.
ആലപ്പുഴ ജില്ലയിലെ ചെറുതന പെരുമാങ്കര പാലത്തിനടിയിൽ അടിഞ്ഞു കൂടിയിരിക്കുന്നതും ടൺ കണക്കിന് മാലിന്യങ്ങളാണ്. മരക്കമ്പുകളും പ്ലാസ്റ്റിക് കുപ്പികളും ചാക്കിൽ കെട്ടിയ അവശിഷ്ടങ്ങളും കാരണം നീരൊഴുക്ക് തടസപ്പെടുന്നനിലയിലാണ്.കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പ, അച്ചൻകോവിലാറുകളിൽ ഒഴുക്ക് ശക്തമാണ്. ആറിന്റെ തീരത്തുള്ള വീടുകളും മറ്റും വെള്ളത്തിലാണ്. ഒഴുകിയെത്തുന്ന മാലിന്യങ്ങൾ പാലത്തിന്റെ തൂണുകളിൽ തട്ടിനിൽക്കുകയാണ്.
ഇതിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ഹോട്ടലുകളിലെയും ഇറച്ചിക്കടകളിലെയും മറ്റും ചാക്കിലാക്കിയ അവശിഷ്ടങ്ങളുമുണ്ട്. ഇവ പാലത്തിന്റെ തൂണുകളിൽ തട്ടിനിന്ന് ഒഴുക്ക് തടസപ്പെടുത്തുന്നു.എല്ലാ വെള്ളപ്പൊക്കത്തിലും മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. മാലിന്യങ്ങൾ നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു എല്ലാവരുടെയും ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ