- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് വിലയിരുത്താനും മനസ്സിലാക്കാനും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ഉതകുന്നവിധം ഓൺലൈൻ പ്ലാറ്റ്ഫോം ശുചിത്വമിഷൻ, ഹരിതകേരള മിഷനുകളുടെ സംയുക്ത സംരംഭമായി നിലവിൽ വരുന്നു.
ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഓരോ ദിവസത്തെയും മാലിന്യ പരിപാലന പ്രവർത്തനങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും പോരായ്മകൾ പരിഹരിക്കാനും സാധിക്കും. പുറമേ സംസ്ഥാനതലത്തിൽ ഓരോ തദ്ദേശ പ്രദേശത്തെയും പ്രവർത്തനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കാനും ജനങ്ങളുടെ പ്രതികരണം അറിയുന്നതിനും പ്ലാറ്റ്ഫോം സഹായകരമാവും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് മാലിന്യ സംസ്കരണ മേഖലയിൽ തങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങളായ ഹരിതകർമ്മസേന വഴിയുള്ള വാതിൽപ്പടി പാഴ്വസ്തു ശേഖരണം, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെയും സഹായക സാമഗ്രികളായ ഇനോക്കുലം പോലുള്ളവയുടെയും ലഭ്യത, കമ്പോസ്റ്റ് നീക്കേണ്ട വീടുകൾ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, പാഴ്വസ്തു ശേഖരണത്തിലെ അളവും ഏറ്റക്കുറിച്ചിലുകളും, എംസിഎഫുകളിലെ പാഴ്വസ്തു തരംതിരിവിന്റെ കാര്യക്ഷമത, ആർആർഎഫുകളിലെ ബേലിങ്/ഷ്രഡ്ഡിങ് വസ്തുക്കളുടെ അളവ് കാര്യക്ഷമത എന്നിവയെല്ലാം മനസ്സിലാക്കാനും പോരായ്മകൾ യഥാസമയം പരിഹരിക്കാനും ഇതിലൂടെ കഴിയും.
സംസ്ഥാനതലത്തിൽ മൊത്തത്തിൽ ശേഖരിക്കുന്ന പാഴ്വസ്തുക്കളുടെയും സംസ്കരിക്കുന്നതിന്റെയും അളവ്, തദ്ദേശസ്ഥാപനങ്ങളുടെ ഈ മേഖലയിലെ സേവന കാര്യക്ഷമത, ബാഹ്യഇടപെടലുകൾ ആവശ്യമുള്ള മേഖല എന്നിവയെല്ലാം മനസ്സിലാക്കി ഇടപെടാൻ ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയ ഏജൻസികൾക്ക് സംസ്ഥാനതലത്തിൽ ഇതിലൂടെ അവസരമൊരുങ്ങും. ജനങ്ങൾക്ക് പ്രശ്നങ്ങളും അഭിപ്രായങ്ങളും അധികാരികളെ അറിയിക്കാനും പരാതികൾ ശ്രദ്ധയിൽ കൊണ്ടുവരാനും സാധിക്കും. ശുചിത്വ മിഷന് വേണ്ടി കെൽട്രോണാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.