ശബരിമല: ക്ഷേത്രദർശനത്തിനെത്തുന്ന തീർത്ഥാടകർ പമ്പാനദിയെ മലിനമാക്കുന്ന പ്രവൃത്തികളിലേർപ്പെടരുതെന്ന് സർക്കാർ. തീർത്ഥാടകരിൽ വലിയൊരു വിഭാഗം തിർത്ഥാടനവേളയിൽ അവർ ഉപയോഗിച്ച വസ്ത്രവും ജൈവ, അജൈവമാലിന്യങ്ങളും മറ്റു വസ്തുക്കളും പമ്പാനദിയിൽ ഉപേക്ഷിക്കുന്നത് ജലം മലിനമാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തീർത്ഥാടനവുമായി ബന്ധപ്പെട്ട് മതപരമോ ആചാരപരമോ വിശ്വാസപരമോ ആയ ഏതെങ്കിലും കാര്യങ്ങളുടെ അടിസ്ഥാനമില്ലാതെയാണ് തീർത്ഥാടകർ ഇപ്രകാരം ചെയ്യുന്നത്. തീർത്ഥാടക സംഘങ്ങളെ നയിക്കുന്നവരുടെ പ്രേരണമൂലമാണ് ഭക്തരിൽ പലരും ഇത് ചെയ്യുന്നതെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങൾ, ജൈവ, അജൈവ മാലിന്യങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ വലിച്ചെറിഞ്ഞ് പമ്പാനദി മലിനമാക്കുന്നത് ജലനിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം ശിക്ഷാർഹമാണ്. ഇതിന് പ്രേരണ നൽകുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഇങ്ങനെയുള്ളവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതിനാൽ പമ്പാനദിയിലേക്ക് വസ്ത്രങ്ങളുൾപ്പെടെയുള്ള വസ്തുക്കൾ ഉപേക്ഷിക്കരുതെന്നും നദീസുരക്ഷയും സംരക്ഷണവുമുറപ്പു വരുത്താൻ തീർത്ഥാടകർ സഹകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.