മനാമ : രാജ്യത്തെ മാലിന്യ പ്രശ്‌നങ്ങൾക്ക് ഇനി അതിവേഗം പരിഹാരം. മാലിന്യ ശേഖരണത്തിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കസ്റ്റമർ കോൾ സെന്റർ തുറന്നതോടെയാണ് മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായിരിക്കുന്നത്. നോർത്തേൺ ഗവർണറ്റിലും, സതേൺ ഗവർണറ്റിലും മാലിന്യ നിർമ്മാർജ്ജനത്തിനായി നിയോഗിച്ചിരിക്കുന്ന അർബേസർ കന്പനിയാണ് കോൾ സെന്റർ തുറക്കുന്നത്. പ്രദേശത്തെ മാലിന്യ നിർമ്മാർജ്ജന പ്രശ്‌നം കാര്യക്ഷമമായി പരിഹരിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ നടപടി.

ഓഗസ്റ്റ് 1 മുതൽ കോൾ സെന്റർ പ്രവർത്തനമാരംഭിച്ചതായി കന്പനി അറിയിച്ചു. നോർത്തേൺ മുനിസിപ്പാലിറ്റിയിലെയും, സതേൺ മുനിസിപ്പാലിറ്റിയിലെയും ഉപഭോക്താക്കൾക്ക് 80070000 എന്ന കസ്റ്റമർ കെയർ നന്പറിൽ അർബേസർ കന്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

കമ്പനിയുടെ സേവനത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനും, പ്രത്യേക സേവനങ്ങൾ ആവശ്യമുള്ളപ്പോൾ ബന്ധപ്പെടുവാനും ഈ സംവിധാനം സഹായകരമാകും.

വൈകാതെ തന്നെ രണ്ട് മുനിസിപ്പാലിറ്റികളിലും പ്രതിനിധികളുടെ ഓഫീസുകൾ പ്രവർത്തനമാരംഭിക്കുമെന്നും കന്പനി അറിയിച്ചു. അതോടൊപ്പം ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങി ജനങ്ങളുടെ നിർദ്ദേശങ്ങൾ ഓൺലൈൻ വഴി സ്വീകരിക്കാനും സംവിധാനമൊരുക്കും.