ലണ്ടൻ: 9 ലക്ഷം രൂപ വിലവരുന്ന റോളക്‌സ് വാച്ചും കെട്ടി തെരുവിലൂടെ നടന്ന 24-കാരനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചത് രണ്ടുദിവസം. തന്നെ നഗ്നനാക്കി മർദിച്ച അക്രമികൾ, പിന്നീട് തന്റെ വീട് കൊള്ളയടിക്കുകയും ചെയ്തതായി യുവാവ് പരാതിപ്പെട്ടു. ഡിസംബർ നാലിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്രോയ്ഡനിലെ ലണ്ടൻ റോഡിൽനിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയത്.

കൈയിൽ ധരിച്ചിരിക്കുന്ന വാച്ചായിരുന്നു അക്രമികളുടെ ആദ്യ ലക്ഷ്യം. കത്തിമുനയിൽനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വാച്ച് അത് യഥാർഥമാണെന്ന് മനസ്സിലാക്കിയതോടെ, യുവാവിൽനിന്ന് കൂടുതൽ പണം തട്ടാനുള്ള ശ്രമമായി. അജ്ഞാത കേന്ദ്രത്തിലെത്തിച്ച് അവിടെ നഗ്നനാക്കി കെട്ടിയിട്ടായിരുന്നു മർദനം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ പരാതിയിൽ യുവാവ് പറഞ്ഞു.

ക്രൂരമായ മർദനമാണ് യുവാവിന് നേരിടേണ്ടിവന്നതെന്ന് മെട്രൊപൊലിറ്റൻ പൊലീസ് പറഞ്ഞു. ബൂട്ടിട്ട് മുഖത്ത് ചവിട്ടുകയും മുഖം അടിച്ച് പൊട്ടിക്കുകയും ചെയ്തു. പിന്നീട് മോചനദ്രവ്യം നൽകാനും യുവാവിനെക്കൊണ്ട് അക്രമികൾ മാതാപിതാക്കളെ ഫോൺ ചെയ്യിപ്പിച്ചു. യുവാവിന്റെ വീട്ടുകാരിൽനിന്ന് ഇത് കിട്ടി്‌ലെന്ന് ഉറപ്പായതോടെയാണ് സംഘം കൊള്ളയിലേക്ക് തിരിഞ്ഞത്.

യുവാവിന്റെ പക്കൽനിന്ന് തട്ടിയെടുത്ത താക്കോൽ ഉപയോഗിച്ച് വീട്ടിൽ പ്രവേശിക്കുകയും മോഷണം നടത്തുകയും ചെയ്തു. രണ്ടുപേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഈ  ദൃശ്യങ്ങൾ പൊലീസ് ഇപ്പോൾ പരിശോധിച്ചുവരികയാണ്. മുഖം മൂടി ധരിച്ചാണ് ഇരുവരും വീട്ടിൽക്കയറിയത്. ഇതിലൊരാൾ കറുത്തവർഗക്കാരനാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സിഡെനാമിലെ വീട്ടിൽനിന്നും വൻതോതിൽ കവർച്ച നടന്നതായാണ് പൊലീസ് അനുമാനിക്കുന്നത്. ഡിസൈനർ ഹാൻഡ്ബാഗുകൾ, സൺഗ്ലാസുകൾ, റോളക്‌സ് വാച്ചുകൾ തുടങ്ങിയവയും മോഷണം പോയതായി പൊലീസ് കണ്ടെത്തി. യുവാവിനെ മൂന്നാം ദിവസം ക്രോയ്‌ഡോനിലെ നോർത്ത് എൻഡിലുള്ള മെട്രോബാങ്കിനു സമീപം എത്തിച്ചു.

ബാങ്കിൽനിന്ന് യുവാവിനെക്കൊണ്ട് പണം പിൻവലിപ്പിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. ക്യാമറയിൽ കുടുങ്ങുമെന്ന ഭയത്താൽ അക്രമികൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഈ തക്കത്തിൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. ക്രോയ്‌ഡോൺ മിനിസ്റ്റർ ചർച്ചിലേക്ക് ഓടിക്കയറിയ യുവാവ് തന്നെ രക്ഷിക്കണമെന്ന് പള്ളി അധികതരോടാവശ്യപ്പെട്ടു. അവർ നൽകിയ വിവരമനുസരിച്ച് പൊലീസെത്തുകയും യുവാവിനെ രക്ഷിക്കകുയും ചെയ്തു.