തിരുവനന്തപുരം: ഒമ്പതു രൂപ നിരക്കിൽ ഒമ്പത് പച്ചക്കറികൾ. പത്രങ്ങളിലെ പരസ്യത്തിൽ കണ്ട സൂപ്പർഓഫർ കണ്ട് തലസ്ഥാനത്തെ പോത്തീസ് സൂപ്പർ സ്റ്റോറിലേക്ക് ജനം ഇരച്ചെത്തിയത് ഞെടിയിട നേരം കൊണ്ടായിരുന്നു. സാമൂഹിക അകലവും സാനിറ്റൈസറും സന്ദർശക രജിസ്റ്ററുമെല്ലാം കാറ്റിൽപ്പറന്നതോടെ കോർപ്പറേഷൻ ഇനി കുറച്ചു ദിവസത്തേക്ക് പോത്തീസ് അടഞ്ഞു തന്നെ കിടക്കട്ടെ എന്ന തീരുമാനവും കൈക്കൊള്ളുകയായിരുന്നു.

ജാഗ്രത പാലിച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ പ്രതിദിനകോവിഡ് കണക്കുകൾ എഴുന്നൂറിനു മുകളിലെത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് തലസ്ഥാന വാസികളുടെ കോവിഡ് ജാഗ്രത പച്ചക്കറികൾക്ക മുന്നിൽ കാറ്റിൽപ്പറന്നത് വ്യക്തമാകുന്നത്. ഉള്ളിയും മുളകും തക്കാളിയും വെണ്ടക്കയുമൊക്കെ കിലോയ്ക്ക് ഒൻപത് രൂപ നിരക്കിൽ കിട്ടുമെങ്കിൽ പിന്നെന്ത് കോവിഡ്/ പിന്നെന്ത് ജാഗ്രത എന്ന മട്ടിലായിരുന്നു ജനങ്ങൾ പോത്തീസിലേക്ക് ഓടിക്കയറിയത്.

ജനം ഇടിച്ചു കയറിയതോടെ സാനിറ്റൈറസർ ഉപയോഗവും സാമൂഹ്യ അകലും സന്ദർശക റജിസ്‌റററും തുടങ്ങി എല്ലാ കോവിഡ് മാനദമണ്ഡങ്ങളുടേയും നഗ്‌നമായ ലംഘനമാണ് ഇവിടെ ഉണ്ടായത്. ആദ്യം പൊലീസെത്തി തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം നല്കി. വീണ്ടും നിയമ ലംഘനം തുടർന്നതോടെയാണ് ഡെപ്യൂട്ടി കലക്ടറും തഹസീൽദാരും ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി സ്ഥാപനം പൂട്ടിച്ചത്. വഞ്ചിയൂർ പൊലീസ് കേസെടുക്കുകയായിരുന്നു.

പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയ്ക്ക് വിൽക്കുമെന്ന് പരസ്യം നൽകുകയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രാവിലെ മുതൽ വൻ ജനക്കൂട്ടം സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. സവാള, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങി ഒൻപത് സാധനങ്ങൾ 11, 12 തീയതികളിൽ കിലോയ്ക്ക് ഒൻപതു രൂപയ്ക്ക് ലഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങലിലൂടെയും പരസ്യങ്ങലിലൂടെയും അറിയിച്ചിരുന്നത്.

പരമാവധി ഒരാൾക്ക് രണ്ടുകിലോ വീതം സാധനം നൽകുമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ഇത് കണ്ടാണ് നൂറുകണക്കിന് സാധാരണക്കാരായ ആളുകൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തടിച്ചുകൂടിയത്. ഒരു വീട്ടിൽ നിന്നും കൂടുതൽ സാധനങ്ങൾ സ്വന്തമാക്കാൻ ഒന്നിലധികംപേർ എത്തിയതും ജനത്തിരക്കിന് കാരണമായി. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം ശക്തമായിരുന്ന സമയത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിപ്പിച്ചതിന് ഇതിനു മുമ്പും ഈ സ്ഥാപനം പൂട്ടിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന തിരുവനന്തപുരത്ത് ആരോഗ്യ വിഭാഗത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നിരന്തര പരിശ്രമത്തിനൊടുവിലാണ് നിരക്ക് കുറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ജാഗ്രതക്കുറവ് രണ്ടാഴ്ചക്കുള്ളിൽ പ്രതിദിന കണക്കുകൾ എഴുന്നൂറിനു മുകളിലെത്തിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. വിദ്യാലയലങ്ങളുടെ ഭാഗമായുള്ള സെന്ററുകൾ മാറ്റി സ്ഥാപിക്കാനും പുതിയതായി പതിനൊന്ന് സി എഫ് എൽ ടി സികൾ തുറക്കാനും കലക്ടർ നിർദ്ദേശം നല്കി.

ജൂലൈയിലും കോവിഡ് ചട്ടം ലംഘിച്ചതിന് പോത്തീസ് അടച്ചുപൂട്ടിയിരുന്നു. പോത്തീസ്, രാമചന്ദ്രൻ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസാണ് നഗരസഭ അന്ന് റദ്ദ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പലഘട്ടങ്ങളിലും പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ഈ രണ്ട് സ്ഥാപനങ്ങൾക്കും നഗരസഭ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയായിരുന്നു.

മാർച്ചിൽ പോത്തീസ് ഷോ റൂം ജീവനക്കാരെ എസ്എൽ തിയേറ്ററിനടുത്തുള്ള ഗോഡൗണിൽ തിങ്ങിപ്പാർപ്പിച്ചിരുന്നത് വിവാദമായിരുന്നു. ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർത്തിരുന്നത്. സംഭവം കോർപറേഷൻ അധികൃതരെ ഞെട്ടിക്കുകയും ചെയ്തു. ജൂലൈയിൽ പോത്തീസിന്റെ ലൈസൻസ് റദ്ദാക്കിയ കോർപറേഷൻ തന്നെ ഓഗസ്റ്റ് ആദ്യവാരം വിൽപ്പനയ്ക്ക് അനുമതി നൽകി.

ആടിമാസ സെയിലും ഓണം സെയിലും ചൂണ്ടിക്കാട്ടി സ്റ്റോക്കുകൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന് പോത്തീസ് അധികൃതർ കോർപറേഷൻ അധികൃതരെ സമീപിച്ചതോടെയാണ് കോവിഡ് ശക്തമാകുന്നത് കണ്ടില്ലെന്നു നടിച്ചും കോർപറേഷൻ പ്രവർത്തനാനുമതി നൽകിയത്. സ്റ്റോക്ക് വിറ്റഴിക്കുന്നത് വരെയാണ് മാളിന് അനുവാദം നൽകിയത് എന്ന് പോത്തീസ് പറഞ്ഞെങ്കിലും ഈ വർഷം മുഴുവൻ ആടി മാസ സെയിൽ എന്നാണ് പോത്തീസ് പരസ്യം ചെയ്തിരുന്നത്. സമ്മർദ്ദത്തിനു വഴങ്ങിയാണ് എല്ലാ ചട്ടങ്ങളും കാറ്റിൽപ്പറത്തി കോർപറേഷൻ തന്നെ മാൾ തുറന്നു നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു.