മോസ്‌കോ: ലോകമെങ്ങും വാനാക്രൈ വൈറസിന്റെ ആക്രമത്തിൽ നട്ടംതിരിയുമ്പോൾ വൈറസിനെതിരെ വെഞ്ചരിപ്പു നടത്തുന്നതിന്റെ ചിത്രം റഷ്യയിൽ വൈറലാകുന്നു. റഷ്യയിൽ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകൾ വാനാക്രൈ വൈറസ് ആക്രമണത്തിനിരയ്യിട്ടുണ്ട്. രാജ്യത്തിന്റെ സൈബർ സുരക്ഷയെ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനിടെയാണ് വെഞ്ചരിപ്പ് ചിത്രം വൈറലാകുന്നത്.

റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കിറിൽ അഭ്യന്തരവകുപ്പ് ഓഫീസിലെത്തി കമ്പ്യൂട്ടറുകൾ വെഞ്ചരിച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. അതീവസുരക്ഷാഫയലുകൾ സൂക്ഷിക്കുന്ന അഭ്യന്തരവകുപ്പിലെ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയായിരുന്ന ഓർത്തഡോക്സ് സഭയുടെ വലിയ ഇടയൻ തന്നെ ഓഫീസിലെത്തി പ്രാർത്ഥിച്ചതും കമ്പ്യൂട്ടറുകളെ വെഞ്ചരിച്ചതും.

എന്തായാലും 2013-ലെടുത്ത ഈ ചിത്രം വാനാക്രൈ ആക്രമണത്തിൽ റഷ്യൻ അഭ്യന്തരവകുപ്പിന്റെ കമ്പ്യൂട്ടറുകൾ തകർന്നതോടെ വൈറലായി മാറുകയായിരുന്നു.