- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ ലോകകപ്പ് ഫൈനലിൽ 138 പന്തിൽ 26 ഫോർ അടക്കം 170 റൺസ്; സെഞ്ചുറി തികച്ച ശേഷം ഹെൽമറ്റൂരി ബാറ്റുയർത്തി അലീസ ഹീലി; കൈയടിച്ച് അഭിനന്ദിച്ച് ഭർത്താവ് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഓസീസിന് കിരീടം

ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഓസ്ട്രേലിയ ഏഴാം കിരീട നേട്ടത്തിലേക്ക് മുന്നേറുന്നതിൽ മഞ്ഞപ്പടയ്ക്ക് നിർണായകമായത് അലീസ ഹീലിയുടെ മിന്നുന്ന സെഞ്ചുറിയാണ്. ഹീലിയുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിലാണ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ അഞ്ച് വിക്കറ്റിന് 356 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.
വനിതാ ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ (138 പന്തിൽ 26 ഫോർ അടക്കം 170) ഉൾപ്പെടെ ആലീസ ഹീലി ഒരു പിടി റെക്കോർഡുകൾ സ്വന്തമാക്കിയപ്പോൾ ഏഴാം ലോക കപ്പ് കിരീട നേട്ടത്തിന്റെ ആഹ്ലാദത്തിലായി ഓസീസ് വനിതകൾ. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിനാണു കീഴടക്കിയത്.
തന്റെ ശതകത്തിലേക്ക് പന്തടിച്ച് ഹീലി ബാറ്റുയർത്തിക്കാട്ടിയപ്പോൾ ഭർത്താവ് മിച്ചൽ സ്റ്റാർക്ക് നൽകിയ അഭിനന്ദനമാണ് ഇപ്പോൾ വൈറലാകുന്നത്. 2015 ഏകദിന ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്കിന് തന്റെ ഭാര്യ അലീസ ഹീലിയുടെ തകർപ്പൻ ഇന്നിങ്‌സ് മനസുകൊണ്ട് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടു.
ഓസ്ട്രേലിയ-ഇംഗ്ലണ്ട് കലാശപ്പോര് നേരിൽ കാണാൻ ഗാലറിയിലെത്തിയിരുന്ന മിച്ചൽ സ്റ്റാർക്ക് 100 തികച്ച ശേഷം ഹെൽമറ്റൂരി അലീസ ഹീലി ബാറ്റുയർത്തിക്കാട്ടിയപ്പോൾ എഴുന്നേറ്റുനിന്ന് അത്യാഹ്ളാദവാനായി കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നു.
അലീസ ഹീലിയെ ഗാലറിയിൽ പിന്തുണയ്ക്കുന്ന സ്റ്റാർക്കിന്റെ വിഡിയോ ഐസിസി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇന്നിങ്‌സിന്റെ ആദ്യ പന്തു നേരിട്ട അലീസ സ്‌കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ 46ാം ഓവറിൽ സ്റ്റംപിങ്ങിലൂടെയാണു പുറത്തായത്.
ഫൈനലിൽ വെറും 138 പന്തിൽ നിന്ന് 26 ബൗണ്ടറികൾ സഹിതം 170 റൺസാണ് അലീസ ഹീലി അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ ഇതോടെ ഹീലി തന്റെ റൺസമ്പാദ്യം 509ലെത്തിച്ചു. വനിതാ ഏകദിന ലോകകപ്പിൽ ഇതാദ്യമായാണ് ഒരുതാരം 500 റൺസ് മാർക്ക് പിന്നിടുന്നത്. സെമിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ 129 റൺസടിച്ച പ്രകടനം ഹീലി തുടരുകയായിരുന്നു.
അന്യാ ശ്രുഭ്‌സോലെയുടെ പന്തിൽ പുറത്തായി മടങ്ങുമ്പോൾ കാണികളൊന്നടങ്കം എഴുന്നേറ്റുനിന്ന് അലീസ ഹീലിക്ക് കയ്യടിച്ചു. ഏകദിന ലോകകപ്പ് ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്‌കോറിന് ഉടമയായിരുന്ന ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് ( 149 റൺസ്) ഹീലി തകർക്കുകയും ചെയ്തു. ഓസീസിന്റെ 7ാം വനിതാ ലോകകപ്പ് കിരീടമാണിത്. 2013ലായിരുന്നു ഇതിനുമുൻപുള്ള കിരീട നേട്ടം.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി ഹീലിക്കു പുറമേ ഓപ്പണർ റേച്ചൽ ഹെയ്ൻസ് (93 പന്തിൽ 7 ഫോർ അടക്കം 68), ബെത്ത് മൂണി (47 പന്തിൽ 8 ഫോർ അടക്കം 62) എന്നിവർ തിളങ്ങി. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ അന്യ ശ്രുഭ്‌സോളാണ് ഇംഗ്ലിഷ് പേസർമാരിൽ മികച്ചുനിന്നത്.
മറുപടി ബാറ്റിങ്ങിൽ നാറ്റ് സീവറിന്റെ (121 പന്തിൽ 15 ഫോറും ഒരു സിക്‌സും അടക്കം 148 നോട്ടൗട്ട്) ഒറ്റയാൾ പോരാട്ടത്തിന് ഇംഗ്ലണ്ടിനെ ജയത്തിലെത്തിക്കാനായില്ല. ഇംഗ്ലണ്ടിന്റെ മറ്റു താരങ്ങളെല്ലാം നിറംമങ്ങി. 33.4 ഓവറിൽ 213 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടമായതാണ്.
പിന്നീടു വാലറ്റക്കാരി ക്രിസ് ഡീനിനെ (24 പന്തിൽ 21) കൂട്ടുപിടിച്ച് പൊരുതിയ സീവറാണ് ഇംഗ്ലണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും 68 റൺസ് കൂട്ടുകെട്ടു പൊളിച്ച് ഓസീസ് താരങ്ങൾ മത്സരത്തിൽ തിരിച്ചെത്തി. ഓസ്‌ട്രേലിയയ്ക്കായി അലാന കിങ്, ജെസ് ജൊനാസൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്‌ത്തി. മേഗൻ ഷട്ടിനു 2 വിക്കറ്റ് ലഭിച്ചു.


