ന്യൂഡൽഹി: മുല്ലപ്പെരിയാറിനെ ചൊല്ലി കേരളവും തമിഴ്‌നാടും കാവേരിയെ ചൊല്ലി തമിഴ്‌നാടും കർണ്ണാടകയും തർക്കത്തിലാണ്. അന്തർ സംസ്ഥാന ന നദീജല തർക്കത്തിൽ കേന്ദ്ര സർക്കാരിന് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ശാശ്വത പരിഹാരത്തിന് കേന്ദ്രം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വെള്ളം ഭരണഘടനയുടെ പൊതു(സമാവർത്തി)പട്ടികയിൽ ഉൾപ്പെടുത്താനായി ഭരണഘടനയുടെ ഏഴാം പട്ടിക ഭേദഗതിചെയ്യാൻ കേന്ദ്ര നീക്കം തുടങ്ങി. രാജ്യത്തെ ഭാവിതലമുറയ്ക്ക് വെള്ളം തുല്യമായി ലഭ്യമാക്കേണ്ട ബാധ്യത കേന്ദ്രത്തിനാണെന്ന് വെള്ളം ഭരണഘടനയുടെ പൊതുപട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തയ്യാറാക്കിയ രേഖയിൽ വിശദീകരിച്ചു.

അതേസമയം, വെള്ളം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾക്കിടയിലുള്ള തർക്കവും ഭരണഘടനാ ഭേദഗതിയും തമ്മിൽ ബന്ധമില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കേണ്ടത് നിലവിലെ മറ്റു സംവിധാനങ്ങളിൽകൂടി തന്നെയാണ്. അതേസമയം, ഭാവിയിൽ ഉണ്ടാവാനിടയുള്ള തർക്കങ്ങൾക്ക് തടയിടാനും വെള്ളത്തിന്റെ ന്യായമായ വിതരണത്തിനും ഈ ഇടപെടലിലൂടെ സാധിക്കും. വെള്ളം സംസ്ഥാന, കേന്ദ്ര പട്ടികകളിൽനിന്ന് മാറ്റി പൊതുപട്ടികയിലാക്കണമെന്ന് നേരത്തേ പാർലമെന്റിന്റെ സ്ഥിരംസമിതികൾ ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം.

പാർലമെന്റിന്റെ രണ്ട് സഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭേദഗതി ബിൽ പാസാക്കണം, പകുതി സംസ്ഥാനങ്ങളുടെ നിയമസഭകൾ അത് ശരിവെയ്ക്കണം തുടങ്ങിയ വെല്ലുവിളികൾ മുന്നിലുണ്ട്. എന്നാൽ കൂടുതൽ സംസ്ഥാനങ്ങൾ ഭരിക്കുന്നത് എൻ.ഡി.എ. ആയതിനാൽ ഭരണഘടനാ ഭേദഗതി ബുദ്ധിമുട്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. കേരളംപോലുള്ള ചില സംസ്ഥാനങ്ങളിൽ ഒട്ടേറെ നദികളും അരുവികളും ഉള്ളപ്പോൾ രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ഭൂഗർഭജലത്തിന്റെ കടുത്ത ക്ഷാമത്തിലാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്ത് വെള്ളം കൂടുതലുണ്ടെങ്കിൽ അത് അവർക്കുമാത്രം ലഭിച്ച ഒരനുഗ്രഹമായി കാണരുത്. ഒരു രാജ്യമെന്നനിലയ്ക്ക് എല്ലാ ജനങ്ങൾക്കും ശുദ്ധമായ വെള്ളത്തിന്റെ ലഭ്യതയെന്ന മൗലികാവകാശം ഉറപ്പാക്കേണ്ടതുണ്ട്. വെള്ളം ഒരു പ്രദേശത്തിന്റെയോ സംസ്ഥാനത്തിന്റെയോ സ്വകാര്യ സ്വത്തല്ല, എല്ലാവർക്കും അർഹമായ പ്രകൃതിവിഭവമാണെന്ന് വിശദീകരിക്കാനാണ് കേന്ദ്ര നീക്കം.

പൊതുപട്ടികയിലുള്ള വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമം പാസാക്കാമെങ്കിലും പാർലമെന്റ് പാസാക്കുന്ന നിയമത്തിനാണ് മേൽക്കൈ ലഭിക്കുക. സംസ്ഥാനങ്ങൾക്കുള്ള അധികാരം നിലനിർത്തിക്കൊണ്ടുതന്നെയായിരിക്കും ഭരണഘടനാ ഭേദഗതിയെന്നാണ് സൂചന. ഇപ്പോൾ ഏഴാം പട്ടികയിൽ കേന്ദ്രത്തിന് അധികാരപ്പെട്ട കേന്ദ്രപട്ടികയിലും (ലിസ്റ്റ് ഒന്ന് 56-ാം ഇനം) സംസ്ഥാനങ്ങൾക്ക് അധികാരപ്പെട്ട സംസ്ഥാന ലിസ്റ്റിലും (ലിസ്റ്റ് രണ്ട് 17-ാം ഇനം) ആണ് വെള്ളവും അനുബന്ധ കാര്യങ്ങളും. അവ നിലനിർത്തിക്കൊണ്ടാവും സമാവർത്തി പട്ടികയിൽ (ലിസ്റ്റ് മൂന്ന്) വെള്ളം പ്രത്യേകമായി ചേർക്കുക.

കപ്പൽ ഗതാഗതം, ഉൾനാടൻ ജലപാത എന്നിവ ഉൾപ്പെടുന്ന 32-ാം ഇനത്തിന് താഴെ '32 എ' ആയി മഴവെള്ള ശേഖരണം, ജലസംരക്ഷണം, വെള്ളം കൈകാര്യം ചെയ്യൽ, ഡേറ്റ ശേഖരണം തുടങ്ങിയവ ഉൾപ്പെടുത്താനാണ് നിർദ്ദേശം. മൂന്ന് ലിസ്റ്റുകളിലും ഉൾപ്പെട്ടാൽ വെള്ളവുമായി ബന്ധപ്പെട്ട് വെവ്വേറെ തലങ്ങളിൽ നിയമനിർമ്മാണം നടത്താനാവുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ വിശദീകരിച്ചു. പൊതുപട്ടികയിൽ ഉൾപ്പെടുത്തിയാൽ ഉപരിതല, ഭൂഗർഭ ജലവുമായി ബന്ധപ്പെട്ട വിവര ശേഖരണം, ശാസ്ത്രീയ ജലസംരക്ഷണം, ഭൂഗർഭജല ലഭ്യത വർധിപ്പിക്കാനുള്ള ശാസ്ത്രീയ നടപടികൾ, വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ മേഖലകളിൽ കേന്ദ്രത്തിന് പിന്നീട് ഫലപ്രദമായ നിയമം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഒട്ടേറെ സ്വകാര്യ ബില്ലുകളും അവതരിപ്പിക്കുകയുണ്ടായി. ജലവിഭവ മന്ത്രാലയത്തിന്റെ ആദ്യത്തെ ആലോചനയും സംസ്ഥാന-കേന്ദ്ര പട്ടികളിൽനിന്ന് വിഷയം മാറ്റി പൊതുപട്ടികയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. പക്ഷേ, നിയമമന്ത്രാലയം അതിനോട് യോജിച്ചില്ല. മാത്രമല്ല, സംസ്ഥാന ലിസ്റ്റിൽനിന്ന് വെള്ളം മാറ്റുന്നത് ശക്തമായ എതിർപ്പിന് കാരണമാകുമെന്ന വിലയിരുത്തലുമുണ്ടായി. ഭരണഘടനാ ഭേദഗതി ബില്ലിന്റെ കരട് നിർദ്ദേശങ്ങൾ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി കേന്ദ്രം അയച്ചുകൊടുക്കും.