വൈദ്യുതിയും വെള്ളവും പാഴാക്കുന്നതിനെതിരെ ഖത്തറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജലം പാഴാക്കുന്നതിന് 20,000 വും വൈദ്യുതി പാഴാക്കുന്നതിന് 10,000 ഖത്തർ റിയാലുമാണ് പിഴ. ഒരിക്കൽ പിഴ ഈടാക്കുകയും വീണ്ടും നിയമലംഘനം ഉണ്ടാവുകയും ചെയ്താൽ പിഴ ഇരട്ടിയാകും. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഫ് വാട്ടർ കോർപ്പറേഷനാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിനു മുൻപ് കൃത്യമായ ബോധവൽക്കരണ പരിപാടികളും നടത്തും.

ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകളും പള്ളികളും സ്‌കൂളുകളും വീടുകളും കേന്ദ്രീകരിച്ചാണ് ബോധവർക്കരണ ക്യാപെയിനുകൾ നടക്കുക. കൂടാതെ വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും ഇതു സംബന്ധിച്ചുള്ള പോസ്റ്ററുകൾ പതിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. കൂടാതെ നവമാദ്ധ്യമങ്ങളിലൂടെയും വെള്ളം, വൈദ്യുതി എന്നിവ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നുണ്ട്.

ജലസ്രോതസുകൾ ഏറെ കുറവുള്ള ഖത്തറിൽ കിട്ടുന്നതിൽ അധികവും ലവണത്വമുള്ള ജലമാണ്. മാത്രമല്ല, ജലത്തിന്റെയും വൈദ്യുതിയുടേയും ഉപയോഗം വളരെ കൂടുതലുമാണ്. രാവിലെ 7 മണിക്കും വൈകിട്ട് 4.30 ക്കും ഇടയിൽ കെട്ടിടങ്ങൾക്ക് പുറത്തുള്ള ബൾബുകൾ ഓൺ ചെയ്തിടുമ്പോഴാണ് വൈദ്യുതിക്ക് പിഴ ഈടാക്കുന്നത്. നിയന്ത്രണം നടപ്പിലാവുന്നതോടെ ജലെ പാഴാക്കുന്നത് 35 ശതമാനം വരെയും വൈദ്യുതി പാഴാക്കുന്നത് 20 ശതമാനം വരെയും കുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.