മലപ്പുറം: മഞ്ചേരിയിൽ വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ സംസ്‌കാരം നടത്തിയ ഖബർ കുഴിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ജനുവരി എട്ടിനാണ് കൽപകഞ്ചേരി വെട്ടിച്ചിറ സ്വദേശിനി ഷഫ്ന രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. തുടർന്ന് കൽപകഞ്ചേരി കുറുക്കോൾ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്ത മൃതദേഹം ആരോഗ്യവകുപ്പിന്റെ പരാതിയെ തുടർന്നാണ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. ഇന്ന് ഉച്ചയോടെയാണ് മറവ് ചെയ്ത മൃതദേഹം അധികൃതർ പുറത്തെടുത്തത്.

ജനുവരി എട്ട് തിങ്കളാഴ്ച മഞ്ചേരി ഏറനാട് ആശുപത്രിയിലെ നാച്ചുറോപ്പതി ചികിത്സകനായ ആബിറാണ് യുവതിയുടെ പ്രസവമെടുത്തത്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന വാട്ടർ ബെർത്ത് സംവിധാനത്തിലൂടെയായിരുന്നു ഇവിടെ പ്രസവം നടന്നിരുന്നത്. വെള്ളത്തിൽ വച്ച് കുഞ്ഞിന് ജന്മം നൽകുന്ന രീതിയാണ് വാട്ടർബെർത്ത്.

മഞ്ചേരിയിലെ ഏറനാട് ആശുപത്രിയിൽ വച്ചാണ് വെട്ടിച്ചിറ സ്വദേശിയായ ഷഫ്ന ദാരുണമായി മരണപ്പെട്ടത്. വാട്ടർബെർത്ത് പ്രസവത്തിനിടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണം. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ ബിപിയും നിലച്ചു. ഇതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി എട്ട് തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ മരണത്തെക്കുറിച്ച് ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി ലഭിക്കുന്നത്. ഏറനാട് ആശുപത്രിയിലെ അശാസ്ത്രീയ ചികിത്സകാരണം പ്രസവത്തിനിടെ യുവതി മരിച്ചെന്നായിരുന്നു പരാതി. നാട്ടുകാരിൽ ചിലരാണ് ആരോഗ്യവകുപ്പിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്. ഇതോടെയാണ് വാട്ടർബെർത്ത് പ്രസവത്തിനിടെ യുവതി മരിച്ചെന്ന വാർത്ത പുറംലോകമറിഞ്ഞത്.

എന്നാൽ മരിച്ച ഷഫ്നയുടെ ഭർത്താവോ ബന്ധുക്കളോ സംഭവത്തിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. ആബിർ എന്നയാളും ഇയാളുടെ ഭാര്യയുമാണ് ഏറനാട് ആശുപത്രിയിൽ നാച്ചുറോപ്പതി ചികിത്സ നടത്തിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവിൽപോയിരുന്നു.

നാച്ചുറോപ്പതി ചികിത്സയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഏറനാട് ആശുപത്രി മാനേജ്മെന്റ് അറിയിച്ചത്. ആബിർ എന്നയാൾക്ക് നാച്ചുറോപ്പതി ചികിത്സയ്ക്കായി ഒരു മുറി വിട്ടുനൽകിയെന്നേയുള്ളു എന്നും മാനേജ്മെന്റ് അധികൃതർ പറഞ്ഞു. എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്. യുവതിയുടെ മരണത്തെ തുടർന്ന് നാച്ചുറോപതി ആശുപത്രി ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥർ അടച്ചു പൂട്ടി സീൽ ചെയ്തിരുന്നു.