ഡബ്ലിൻ: മാസങ്ങളായി നിലനിൽക്കുന്ന വാട്ടർ ബിൽ വിവാദത്തിന് അവസാനം തീരുമാനമായി. വാട്ടർ ബിൽ ഇനത്തിൽ ഒരു കുടുംബം എത്ര തുക അടയ്‌ക്കേണ്ടി വരും എന്ന കാര്യത്തിൽ നിലനിന്നിരുന്ന തർക്കത്തിന് ഇതോടെ വിരാമമാകും. ഒറ്റയ്ക്കു താമസിക്കുന്ന ഒരാൾക്ക് 60 യൂറോയും ഒന്നോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബത്തിന് 160 യൂറോയും ഒരു വർഷം അടയ്ക്കണമെന്നാണ് പരിസ്ഥിതി മിനിസ്റ്റർ അലൻ കെല്ലി കാബിനറ്റിൽ വ്യക്തമാക്കിയത്. കാബിനറ്റ് ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

2018 അവസാനം വരെ തുടരേണ്ടി വരുന്ന ഈ നിർദ്ദേശങ്ങൾ രണ്ട് ഫ്‌ലാറ്റ് റേറ്റുകളായിട്ടാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാവരും 100 യൂറോ റിബേറ്റിന് അർഹരായിരിക്കും എന്നുള്ളതാണ് ആദ്യത്തെ നിർദ്ദേശം. ഇതു കിഴിച്ചുള്ളതായിരിക്കും വാട്ടർ ബിൽ ഇനത്തിൽ അടയ്‌ക്കേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാൾ മാത്രമുള്ള കുടുംബത്തിന് വർഷം 60 യൂറോയായിരിക്കും ബിൽ. അതായത് ആഴ്ചയിൽ 1.15 യൂറോ മാത്രം.

ഒന്നോ അതിൽ കൂടുതലോ കുട്ടികളുള്ള കുടുംബത്തിന് 160 യൂറോയാണ് പ്രതിവർഷം വാട്ടർ ബിൽ ആകുന്നത്. റിബേറ്റ് കിഴിച്ചുള്ള തുകയാണിത്. അതായത് ആഴ്ചയിൽ മൂന്നു യൂറോ. ഇങ്ങനെ കണക്കാക്കുമ്പോൾ രാജ്യത്തെ ഒരു കുടുംബത്തിനും ഒരു വർഷം 160 യൂറോയിൽ കൂടുതൽ വാട്ടർ ബിൽ അടയ്‌ക്കേണ്ടി വരുന്നില്ല എന്നു വ്യക്തം. പരമാവധി ചാർജിലുള്ള ഈ പരിധി 2019 ജനുവരി ഒന്നു വരെ തുടരേണ്ടി വരും.

കുടിവെള്ളം അല്ലെങ്കിൽ മാലിന്യ സംസ്‌ക്കരണം ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം പ്രയോജനപ്പെടുത്തുന്ന കുടുംബത്തിന് പുതിയ നിരക്കിന്റെ അമ്പതു ശതമാനം മാത്രം നൽകിയാൽ മതി. കൂടാതെ വാട്ടർ മീറ്റർ ഘടിപ്പിക്കുകയും വെള്ളത്തിന്റെ ഉപയോഗം നിശ്ചിത അളവിനുള്ളിൽ നിൽക്കുകയും ചെയ്താൽ മീറ്റർ റീഡിംഗിന് അനുസരിച്ചു മാത്രം ബിൽ നൽകിയാൽ മതി. അതേസമയം വെള്ളത്തിന്റെ ഉപയോഗം 15 ശതമാനമോ 20 ശതമാനമോ എന്ന നിരക്കിൽ കുറയ്ക്കാൻ സാധിച്ചാൽ പകുതിയോളം കുടുംബങ്ങൾക്ക് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള പരമാവധി തുകയുടെ താഴെ മാത്രം ബിൽ അടയ്‌ക്കേണ്ടി വരികയുള്ളൂ.

2015 ജനുവരി ഒന്നു മുതൽ ഈ ബില്ലിങ് സമ്പ്രദായം പ്രാബല്യത്തിലാകുകയും 2015 ഏപ്രിൽ ഒന്നു മുതൽ ആദ്യ ബിൽ നൽകാൻ തുടങ്ങുകയും ചെയ്യും. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് 2015 ഫെബ്രുവരി രണ്ടു വരെ രജിസ്റ്റർ ചെയ്യാനായി തീയതി നീട്ടിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുടുംബങ്ങൾക്ക് റിബേറ്റ് കിഴിക്കാതെയുള്ള 260 യൂറോ ആയിരിക്കും ബിൽ ലഭിക്കുക. 60 യൂറോ ബിൽ ഉള്ളവർക്ക് ലേറ്റ് പേയ്‌മെന്റ് ചാർജായി 30 യൂറോയും മറ്റുള്ളവർക്ക് 60 യൂറോയും ഈടാക്കും. ഒരു വർഷം വരെ ബിൽ അടച്ചില്ലെങ്കിലാണ് ഇത്രയും തുക പിഴയായി നൽകേണ്ടി വരുന്നത്. ഒരു കാരണവശാലും ബിൽ അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വീടു വിൽക്കുന്ന സമയത്ത് അതുവരെയുള്ള ബിൽ മുഴുവനായും അടയ്‌ക്കേണ്ടി വരും.

ബില്ലിൽ കുടിശ്ശിക വരുത്തുന്നവരുടെ വാട്ടർ കണക്ഷൻ കട്ട് ചെയ്യുകയോ വെള്ളത്തിന്റെ അളവ് കുറയ്ക്കുകയോ വേണ്ടെന്നാണ് തീരുമാനം. നിലവിൽ അഞ്ചു ലക്ഷത്തിലധികം മീറ്ററുകൾ ഘടിപ്പിച്ചു കഴിഞ്ഞു. പൈപ്പിന് ചോർച്ചയോ മറ്റുമുണ്ടെങ്കിൽ സാധാരണ ചെയ്യുന്നതു പോലെ പ്ലംബറെ വിളിച്ച് റിപ്പയർ ചെയ്യിക്കാവുന്നതാണ്.