ഡബ്ലിൻ: വാട്ടർ ചാർജിനെതിരേ ഉയർന്നിരിക്കുന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് കുടുംബങ്ങൾക്കുള്ള വാട്ടർ ചാർജ് 300 യൂറോയായി നിലനിർത്താൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇത് 424 യൂറോയിൽ താഴെയായിരിക്കും.

ഐറീഷ് വാട്ടറിനെക്കുറിച്ചും വാട്ടർ ചാർജിനെക്കുറിച്ചും നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കാണുമെന്ന് എൻഡ കെന്നി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാട്ടർ ക്യാപ് 300 യൂറോയായി നിലനിർത്താൻ നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്താഴ്ച ഉണ്ടാകും. ഇക്കണോമിക് മാനേജ്‌മെന്റ് കൗൺസിൽ ഈയാഴ്ച വീണ്ടും ചേരുമ്പോൾ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാകും.

മീറ്ററിങ് സംവിധാനം വരുന്നതോടെ ഒരു കുടുംബം 800 യൂറോയ്ക്കും 900 യൂറോയ്ക്കും മധ്യേ വാട്ടർ ചാർജ് അടയ്‌ക്കേണ്ടി വരുമെന്ന അഭ്യൂഹത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുടുംബങ്ങൾക്ക് വാർഷിക ഫീസായി 424 യൂറോ അടയ്‌ക്കേണ്ടി വരുമെന്ന് ഈ വർഷം ആദ്യം കമ്മീഷൻ ഫോർ എനർജി റെഗുലേഷൻ പ്രഖ്യാപിച്ചിരുന്നു. രണ്ടു മുതിർന്നവരുള്ള കുടുംബത്തിന് ശരാശരി 278 യൂറോ എന്നുള്ളതിനു പുറമേയാണ് ഇതെന്നാണ് റഗുലേറ്റർ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ വർഷം 146 യൂറോ ഫ്രീ അലവൻസിന് ഇവർ അർഹരാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.