ഡബ്ലിൻ: ഐറീഷ് വാട്ടർ നാലുലക്ഷത്തോളം വീടുകൾക്ക് വിതരണം ചെയ്തിരുന്ന കുടിവെള്ളത്തിൽ കാൻസറിന് ഹേതുവാകുന്ന രാസവസ്തുക്കൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. എന്നാൽ പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കുന്നതിൽ ഐറീഷ് വാട്ടർ അലംഭാവം കാട്ടിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കാൻസറിന് കാരണമാകുന്ന ട്രൈഹാലോമീഥൈൻസ് (ടിഎച്ച്എം) വർഷങ്ങളായി കുടിവെള്ളത്തിൽ കണ്ടുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. വെള്ളം ശുദ്ധീകരിക്കുന്നത് ചേർക്കുന്ന ക്ലോറിൻ ഇലകൾ, തടി തുടങ്ങിയ ജൈവവസ്തുക്കളുമായി ചേർന്നു പ്രവർത്തിക്കുന്നതു വഴിയാണ് ടിഎച്ച്എം കുടിവെള്ളത്തിൽ രൂപപ്പെട്ടിരുന്നത്. ഈ രാസവസ്തു ദീർഘകാലം മനുഷ്യശരീരത്തിൽ എത്തുന്നത് കുടൽ, മൂത്രാശയം എന്നിവയിൽ കാൻസറിന് കാരണമാകും. കൂടാതെ ഗർഭഛിദ്രം, ജനനത്തിലെ പ്രശ്‌നങ്ങൾ, കുറഞ്ഞ ജനനനിരക്ക്, ഹൃദയം, വൃക്ക, ശ്വാസകോശം, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുകയും ചെയ്യും.

ഈ രാസവസ്തു അടങ്ങിയ വെള്ളം കുടിക്കുന്നതു കൊണ്ടു മാത്രമല്ല ദോഷങ്ങൾ ഉണ്ടാകുക അന്തരീക്ഷത്തിലെ വായുവിൽ നിന്നും ത്വക്കിലൂടെ ശരീരത്തിനുള്ളിലേക്ക് കടക്കും. കൂടാതെ കുളിക്കുമ്പോഴും കൈകഴുകുമ്പോഴും ഈ രാസപദാർഥം ആഗിരണം ചെയ്യപ്പെടാറുണ്ട്. ടിഎച്ച്എമ്മിന്റെ സാന്നിധ്യം കുടിവെള്ളത്തിൽ നിന്നും ഒഴിവാക്കുന്നതിന് മിക്ക ലോക്കൽ അഥോറിറ്റികൾക്കും നിർദേശവും സമയവും നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയും യൂറോപ്യൻ യൂണിയൻ നിർദേശങ്ങളും അനുസരിച്ചുള്ള നിലയിലേക്ക് ടിഎച്ച്എം സാന്നിധ്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ വളരെ കുറച്ച് അഥോറിറ്റികളേ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളൂ.