അബുദാബി: അബുദാബിയിൽ വെള്ളം, വൈദ്യുതി താരിഫ് പുതുക്കുന്നു. അബുദാബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അഥോറിറ്റിയാണ് അടുത്ത ജനുവരി ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുക. പുതിയ നിരക്ക് അനുസരിച്ച് ഓരോ കിലോവാട്ടിനും ലോവർ ഗ്രീൻ ബാൻഡിലുള്ളവർ 6.7 ഫിൽസും റെഡ്ഡിലുള്ളവർ 7.5 ഫിൽസും നൽകേണ്ടി വരും.

അതേസമയം വിദേശികൾ ഗ്രീൻ ബാൻഡിലുള്ളവർ 26.8 ഫിൽസും റെഡ്ഡിലുള്ളവർ 30.5 ഫിൽസുമാണ് അടയ്‌ക്കേണ്ടി വരിക. 2016-ൽ ഫ്‌ലാറ്റിൽ താമസിക്കുന്ന സ്വദേശികളും ഗ്രീൻബാൻഡിലുള്ളവരുമായവർ ഓരോ കിലോവാട്ടിനും അഞ്ചു ഫിൽസും റെഡ്ഡിലുള്ളവർ 5.5 ഫിൽസുമായിരുന്നു അടയ്‌ക്കേണ്ടിയിരുന്നത്. വിദേശികൾക്ക് ഇത് 21 ഫിൽസും 31.8 ഫിൽസുമായിരുന്നു.

വെള്ളത്തിന് ഓരോ ക്യുബിക് മീറ്ററിനും ഗ്രീൻ ബാൻഡുള്ളവർ 2.09 ദിർഹവും റെഡ്ഡിലുള്ളവർ 2.60 ദിർഹവുമാണ് അടയ്‌ക്കേണ്ടത് പ്രവാസികൾക്ക് ഇത് 7.84 ദിർഹവും 10.41 ദിർഹവുമാണ്.
വൈദ്യുതി-വെള്ള വിതരണത്തിനുള്ള ചെലവ് വർദ്ധിച്ചതാണ് നിരക്ക് വർദ്ധിപ്പിക്കാൻ നിർബന്ധിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു. സുസ്ഥിര ഊർജ്ജത്തിനായി ഉപഭോഗത്തിൽ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.