ദുബായ്: അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കുമുള്ള വാട്ടർ, ഇലക്ട്രിസിറ്റി കണക്ഷനുവേണ്ടിയുള്ള ഡെപ്പോസിറ്റുകൾ ഇരട്ടിയാക്കി. അപ്പാർട്ട്‌മെന്റുകൾക്ക് നിലവിൽ ആയിരം ദിർഹമായിരുന്നത് രണ്ടായിരം ദിർഹമായി വർധിപ്പിച്ചുവെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. 

സെപ്റ്റംബർ 21 മുതൽ വർധന നിലവിൽ വരും. അതേസമയം വില്ലകൾക്കായുള്ള ഡെപ്പോസിറ്റി രണ്ടായിരം ദിർഹമിൽ നിന്ന് നാലായിരം ദിർഹമാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ താമസമൊഴിയുന്ന കാലത്ത് ഈ ഡെപ്പോസിറ്റി തിരിച്ചു നൽകും. അതേസമയം ഡെപ്പോസിറ്റ് വർധിപ്പിച്ച കാര്യം ഇതുവരെ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ഡിഈഡബ്ല്യൂഎ) വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടില്ല.