എറണാകുളം: കുളവാഴ ശല്യം കാരണം പൊറുതിമുട്ടി ആറ്റിലും കായലിലും തോട്ടിലുമൊക്കെ മീൻപിടിക്കുന്ന വൈപ്പിനിലെ ചെറുകിട മത്സ്യത്തൊഴിലാളികൾ. കുളവാഴ ആറ്റിൽ നിന്നും കായലിൽ നിന്നും തോടുകളിലേക്ക് കൂടി എത്തിയതോടെയാണ് വൈപ്പിനിലെ ചെറുകിട മൽസ്യത്തൊഴിലാളികൾ ബുദ്ധിമുട്ടിലായത്. തോടുകളിലും ആറുകളിലും മത്സ്യലഭ്യത കുറഞ്ഞ അവസ്ഥയിലാണ് കുളവാഴ ശല്യം കൂടി എത്തുന്നത്. ഇതോടെ മൽസ്യബന്ധനം തന്നെ അവതാളത്തിലായ അവസ്ഥയിലാണ്.

സമാനമായ പായൽ ശല്യം കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു, അന്ന് ഇതേത്തുടർന്ന് മാസങ്ങളോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെട്ടിരുന്നു. സാധാരണഗതിയിൽ മഴക്കാലം മാറി വെയിൽ ശക്തമാവുകയും വെള്ളത്തിൽ ഉപ്പുരസം വർധിക്കുകയും ചെയ്യുന്നതോടെ പായൽ ഉണങ്ങി നശിക്കുകയുമാണ് പതിവ്. എന്നാൽ, ഈ വർഷം ഇടക്കിടെ മഴ തുടരുന്നതിനാൽ വെള്ളത്തിലെ ഉപ്പിന്റെ അംശം കുറഞ്ഞിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കായലുകളിലെയും ആറ്റിലെയും തോടുകളിലെയും പായൽസാന്നിധ്യം ചെറുവഞ്ചിക്കാർക്കുമുതൽ വലിയ ബോട്ടുകൾക്കുവരെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചീനവലകൾ, ഊന്നിവലകൾ എന്നിവ തകരാർ ആകുന്നതും തൊഴിലാളികൾക്ക് പ്രയാസമുണ്ടാക്കുന്നു. മഴക്കാലം പൊതുവെ വറുതിയുടെ സമയമായ മൽസ്യത്തൊഴിലാളികൾക്ക് ഇപ്പോൾ ഇരട്ടി പ്രഹരമാണ് ഉണ്ടാകുന്നത്. പായൽ പരക്കെ നിറയുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് വലവിരിക്കാൻ കഴിയാതാവും. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് പട്ടിണിയാവുക.

കുളവാഴകൾ ചീഞ്ഞുനശിച്ചാലും വെള്ളത്തിൽനിന്ന് ഇവയുടെ അവശിഷ്ടങ്ങൾ പൂർണമായും നീങ്ങുന്നതിന് മാസങ്ങളെടുക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മാത്രമല്ല, പായൽ ചീഞ്ഞ് താഴുന്നത് വെള്ളം മലിനമാകാനും അതുമൂലം മത്സ്യങ്ങൾ നശിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. വെള്ളത്തിനടിയിലേക്ക് പൂർണമായും പോകാതെ വെള്ളത്തിന്റെ മധ്യഭാഗത്തായാണ് ഇവ കിടക്കുന്നത്. പായൽ ഒഴിഞ്ഞെന്നുകരുതി വല വിരിച്ചാൽ വല വെള്ളത്തിനടിയിലേക്ക് പോകാത്ത സാഹചര്യമാണുള്ളത്.

മഴയുള്ളതിനാൽ പായൽ പെട്ടെന്ന് വളർന്ന് വ്യാപിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരങ്ങളിൽ ഇവ അടിഞ്ഞുകൂടുന്നതിനാൽ മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ല. വേലിയേറ്റ സമയത്താണ് തോടുകളിൽ ഇവ കൂടുതലായി എത്തുന്നത്. തോടുകൾക്ക് പിന്നാലെ പ്രദേശത്തെ ചെമ്മീൻ കെട്ടുകളിലേക്കും ഇവ പടരുമോ എന്നാണ് ഇപ്പോൾ പ്രദേശത്തെ കർഷകരുടെ ആശങ്ക. പായൽ ചെമ്മീൻകെട്ടുകളിലേക്ക് കടക്കുന്നത് തടയാൻ മുളകളും മറ്റും സ്ഥാപിക്കാറുണ്ടെങ്കിലും പലപ്പോഴും ഫലപ്രദമാവാറില്ല.

ദിവസങ്ങൾക്കുള്ളിൽത്തെന്ന ഇവ കെട്ടിൽ മുഴുവൻ വ്യാപിക്കുകയും ചെയ്യും. മത്സ്യങ്ങൾക്കുള്ള ഓക്‌സിജൻ ലഭ്യത കുറക്കുമെന്നതാണ് കുളവാഴകൊണ്ടുള്ള പ്രധാന പ്രശ്‌നമെന്ന് ചെമ്മീൻ കർഷകരും പറയുന്നു. വെള്ളത്തിനടിയിലേയ്ക്കുള്ള ഓക്സിജൻ ലഭ്യതയും സൂര്യപ്രകാശവും കുറയുന്നത് മൂലം മൽസ്യങ്ങൾ ചത്തുപൊങ്ങുന്നതും ഇവിടെ പതിവായിരിക്കുകയാണ്. നിരവധി ജീവിതങ്ങളെ ബാധിക്കുന്ന ഈ വിഷയത്തിൽ അധികാരികളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സർക്കാർ ഇടപെട്ട് ജനപങ്കാളിത്തത്തോടെ തന്നെ ഉടൻ പായൽ നീക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ഇവർ ആവശ്യപ്പെടുന്നു.