- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമേണ ഉയരുന്നതിൽ ആശങ്ക; നിലവിൽ 135.10 അടി ജലം; ജലനിരപ്പ് 142 അടിയിലെത്തിയാൽ ഷട്ടറുകൾ തുറന്നേക്കും; വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്നാട്
കുമളി: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.15 അടിയായി ഉയർന്നു. 142 അടിയാണ് അനുവദനീയ സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കൻഡിൽ 3820 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്.
വർഷത്തിൽ 2 തവണ ഇത്രയും വെള്ളം സംഭരിക്കാൻ കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച ജലപരിധി പ്രകാരം തമിഴ്നാടിനു സാധിക്കും. അതിനാൽ ജലനിരപ്പ് 142 അടിയിലെത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളൂ.
വൃഷ്ടിപ്രദേശമായ തേക്കടിയിൽ 12ഉം വനമേഖലയിൽ 10ഉം മി.മീ. മഴയാണ് പെയ്തത്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ 56.20 അടി ജലമാണുള്ളത്. 71 അടിയാണ് വൈഗയുടെ സംഭരണശേഷി. തേനി ജില്ലയിൽ വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വൈഗ അണക്കെട്ട് നിറയാൻ സാധ്യതയേറി.
നിലവിലുള്ള പ്രോട്ടോകോൾ പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136ൽ എത്തിയാൽ തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നൽകും. 138ൽ രണ്ടാമത്തെ അറിയിപ്പും 140ൽ ആദ്യ മുന്നറിയിപ്പും 141ൽ രണ്ടാം മുന്നറിയിപ്പും നൽകും. ജലനിരപ്പ് 142 അടിയായാൽ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് 136ൽ എത്തുമ്പോൾ മുതൽ നിയന്ത്രിത തോതിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടു തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
2018ലെ പ്രളയകാലത്തും ഇതേ അനുഭവമുണ്ടായിരുന്നു. 2018 ഓഗസ്റ്റ് 14ന് ജലനിരപ്പ് 136.10 അടിയിൽ നിൽക്കുമ്പോൾ തമിഴ്നാട് 2200 ഘനയടി വെള്ളം മാത്രമാണ് വൈഗയിലേക്കു തുറന്നുവിട്ടിരുന്നത്. ഈ സമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 4420 ഘനയടി മാത്രമായിരുന്നു. വൈകിട്ടോടെ ഇതു 11,500 ഘനയടിയായി. ജലനിരപ്പ് 137.40 അടിയായി ഉയർന്നിട്ടും ഷട്ടറുകൾ തുറക്കാനോ കൂടുതൽ വെള്ളം കൊണ്ടുപോകാനോ തമിഴ്നാട് തയാറായില്ല. രാത്രിയോടെ സ്ഥിതി ഗുരുതരമാകുകയും പെട്ടെന്ന് ഷട്ടറുകൾ തുറക്കുകയും ചെയ്യുകയായിരുന്നു.
അതേ സമയം ജലനിരപ്പിൽ കാര്യമായ വ്യതിയാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇടുക്കി ജലസംഭരണിയിൽനിന്ന് ഇന്നുകൂടി 100 ക്യുമെക്സ് (ക്യുബിക് മീറ്റർ പെർ സെക്കൻഡ്) വെള്ളം ഒഴുക്കുമെന്നും തുടർന്നു മഴയില്ലെങ്കിൽ അളവു കുറയ്ക്കുകയോ സ്പിൽവേ അടയ്ക്കുകയോ ചെയ്യുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. ഇടമലയാറിൽനിന്ന് 123 ക്യുമെക്സ് വെള്ളം ഒഴുക്കിയിരുന്നത് 80 ക്യുമെക്സായി കുറച്ചു. കക്കിയിൽനിന്നുള്ള അളവ് 95 ക്യുമെക്സായി തുടരും. പമ്പയിൽ 14 ക്യുമെക്സിൽനിന്ന് 10 ക്യുമെക്സ് ആക്കി.
വൈദ്യുതി ബോർഡിന്റെ 18 ഡാമുകളിൽ 12 ഇടത്താണു വെള്ളം തുറന്നുവിടുന്നത്. ഇടമലയാർ ഡാമിലെ ബ്ലൂ അലർട്ട് പിൻവലിച്ചു. ബാണാസുര സാഗർ ഉൾപ്പെടെ മറ്റു ഡാമുകളിൽ മഴയുടെ തീവ്രതയും നീരൊഴുക്കും നോക്കി വെള്ളം നിയന്ത്രിക്കുമെന്നു ബോർഡ് ചെയർമാൻ ബി.അശോക് അറിയിച്ചു.
ഡാമുകളിലെ ഇന്നലെ വൈകിട്ടു വരെയുള്ള ജലനിരപ്പും ബ്രായ്ക്കറ്റിൽ പരമാവധി സംഭരണ ശേഷിയും: ഇടുക്കി 2398.28 അടി (2403), ഇടമലയാർ 165.26 മീറ്റർ (169), കക്കി 979.47 മീ. (981,46), ബാണാസുര സാഗർ 773.2 മീ. (775.6), ഷോളയാർ 2662 അടി (2663), മാട്ടുപ്പെട്ടി 1597.75 മീ. (1599.59) , ആനയിറങ്കൽ 1205.22 മീ. (1207.02), പൊന്മുടി 707.2 മീ. (707.75), കക്കയം 749.38 മീ. (758.04), പമ്പ 982.5 മീ. (986.33), പെരിങ്ങൽകുത്ത് 420.1 മീ. (423.92), കുണ്ടള 1757.95 മീ. (1758.59), കല്ലാർകുട്ടി 456.4 മീ. (456.69), ഇരട്ടയാർ 749.7 മീ. (754.38), ലോവർ പെരിയാർ 253 മീ. (253), മൂഴിയാർ 186.8 മീ. (192), കല്ലാർ 820.9 മീ. (824.84), ചെങ്കുളം 846.45 മീ. (847.64).
കല്ലാർ അണക്കെട്ടു തുറക്കാനുള്ള നടപടിക്രമത്തിലെ കാലതാമസം മൂലം 30 വീടുകളിൽ വെള്ളം കയറി. കേരളം-തമിഴ്നാട് അതിർത്തിയിൽ ബുധൻ രാത്രി പെയ്ത അതിതീവ്ര മഴയിൽ അണക്കെട്ടു നിറഞ്ഞുകവിഞ്ഞിരുന്നു.
ബുധൻ അർധരാത്രി 12.30നു ജലനിരപ്പ് 821.1 മീറ്ററായിരുന്നു. ഒന്നരയ്ക്ക് 822.5 മീറ്ററായതോടെ അണക്കെട്ടു തുറക്കാൻ ഡാം സേഫ്റ്റി വിഭാഗം ജില്ലാ കലക്ടറുടെ അനുമതി തേടി. കലക്ടറുടെ ഉത്തരവു ലഭിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടു ഷട്ടറുകൾ തുറന്നതു 2.50ന് ആണ്. എന്നാൽ രണ്ടരയോടെ ഷട്ടറുകൾ കവിഞ്ഞു വെള്ളം പുറത്തേക്കൊഴുകി. ഒരു സുരക്ഷാജീവനക്കാരൻ മാത്രമാണു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നാണു വിവരം.
അതേസമയം, ഷട്ടറുകൾ ഉയർത്തിയപ്പോൾ അണക്കെട്ടിലെ ഓളം മൂലമാണ് വെള്ളം കവിഞ്ഞൊഴുകിയതെന്നു ഡാം സേഫ്റ്റി വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ സജീവ് കുമാർ പറഞ്ഞു. കല്ലാറിലെ പ്രശ്നം മൂലം ഇടുക്കി അണക്കെട്ടിലും ജലനിരപ്പു ഉയർന്നു. ഇടുക്കിയിലേക്കു വെള്ളം തിരിച്ചുവിടുന്ന ചെറിയ അണക്കെട്ടാണു കല്ലാർ. പരമാവധി സംഭരണശേഷി 824.48 മീറ്ററും റെഡ് അലർട്ട് പരിധി 823.5 മീറ്ററുമാണ്.
മറുനാടന് മലയാളി ബ്യൂറോ