ചെറുതോണി: ശക്തമായ മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടുന്നു. നിലവിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ജലനിരപ്പ് 2375.53 അടിയിലെത്തിയതിനെ തുടർന്നാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്.

പിന്നാലെ ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബി കൺട്രോൾ റൂം തുറന്നു. ജലനിരപ്പ് 2381.53 എത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കണം. 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ.

ഇന്നലെ വൈകിട്ട് സംഭരണിയിലെ ജലനിരപ്പ് 2375.84 അടിയെത്തി. മൊത്തം സംഭരണ ശേഷിയുടെ 69.56%. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ നാലരയടി വെള്ളം കൂടുതലുണ്ട്. പദ്ധതി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിച്ചു. അതേ സമയം ഇന്നലെ 17.447 മില്യൺ യൂണിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം. അടുത്തകാലത്തെ റിക്കാർഡ് ഉത്പാദനമാണിത്. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഉത്പാദനം കുറയ്ക്കണമെന്ന് മന്ത്രിതലത്തിൽ നിർദ്ദേശം വന്നിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.90 അടിയിലെത്തി. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 70 അടിക്ക് മുകളിലെത്തിയതതോടെ ഷട്ടറുകൾ തുറന്നു. ഏഴ് ഷട്ടറുകൾ വഴി സെക്കന്റിൽ 1190 ഘനയടി വെള്ളമാണ് തുറന്ന് വിട്ടിരിക്കുന്നത്.