മെൽബൺ: ടാസ്മാനിയയിൽ വാട്ടർ ചാർജ് വർധിപ്പിക്കുന്നതിന് തീരുമാനമായി. അടുത്ത ആറു വർഷം കൊണ്ട് 27 ശതമാനം വില വർധനയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ജലശുദ്ധീകരണ പ്ലാന്റുകളുടെ നിലവാരം മെച്ചപ്പെടുത്തി വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യം വച്ചാണ് വാട്ടർ ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ 24 ടൗണുകളിൽ ബോയിൽ വാട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനപ്പെടാൻ സാധ്യതയുണ്ട് എന്നതിനെ തുടർന്നാണ് ഇവിടങ്ങളിലുള്ളവർക്ക് വെള്ളം തിളപ്പിച്ചു കുടിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം മലിനജലം ഒഴുക്കിവിടുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്.

പദ്ധതികൾ നടപ്പിലാക്കുന്നതിനനുസരിച്ച് വെള്ളത്തിന്റെ വില വർധന നടപ്പാക്കുമെന്ന് ടാസ് വാട്ടർ ചെയർമാൻ മിൽസ് ഹാംപ്ടൺ വ്യക്തമാക്കി. അടുത്ത മൂന്നു വർഷത്തേക്ക് 15 ശതമാനം വർധനയും പിന്നീടുള്ള മൂന്നു വർഷം 12 ശതമാനം വർധനയുമാണ് നടപ്പിലാക്കുക.