തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ അഞ്ചുശതമാനം വർധന വരുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിൽ വരും. വെള്ളക്കരം കൂട്ടണമെന്ന് പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റി ഒരു മാസം മുൻപ് ശുപാർശ ചെയ്തിരുന്നു. ജല വിതരണത്തിനായി ചെലവാകുന്ന തുകയെങ്കിലും തിരികെ കിട്ടുന്ന തരത്തിൽ വെള്ളക്കരം വർധിപ്പിക്കണമെന്നാണ് ശുപാർശയിൽ പറയുന്നത്. ഇതനുസരിച്ചാണ് സർക്കാർ നടപടി.

കേന്ദ്ര നിർദ്ദേശ പ്രകാരമാണ് വെള്ളക്കരം കൂട്ടിയതെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വലിയ വർധനയല്ലെന്നും നിലവിലെ നിരക്കിൽ നിന്ന് അര ശതമാനം മാത്രമാണ് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന ക്യാബിനറ്റിൽ ചർച്ച ചെയ്തശേഷം മാത്രമേ വർധന നടപ്പിലാക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.