ന്യൂഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ പെയ്മന്റ് സേവനത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ കാഷ് ബാക്ക് നൽകുന്ന ഓഫർ നിലവിൽ വന്നതായി കമ്പനി അറിയിച്ചു.

ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്.

ഇന്ത്യയിൽ ചവടുറപ്പിക്കുന്നതിന് ഗൂഗിൾ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തിൽ കാഷ്ബാക്ക് ഓഫർ നൽകിയിരുന്നു. ഇതേ വഴിയിൽ കൂടുതൽ ഉപയോക്താക്കളെ നേടാനാണ് വാട്ട്സ്ആപ്പിന്റെ നീക്കം.

ഓഫറിന് അർഹരായവരുടെ വാട്ട്സ്ആപ്പ് ബാനറിൽ ഗിഫ്റ് ഐക്കൺ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാൽ ഓഫറിൽ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. ക്യൂആർ കോഡ് സ്‌കാൻ ചെയ്തോ യുപിഐ ഐഡി നൽകിയോ ഉള്ള ട്രാൻസാക്ഷനുകൾക്ക് ഓഫർ ബാധകമല്ല.