ശയവിനിമയ സൗകര്യങ്ങൾ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തൽ. വാട്‌സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവർ സൂക്ഷിക്കുക. നിങ്ങൾ എവിടെയാണുള്ളതെന്ന് മറ്റുള്ളവർക്ക് കണ്ടുപിടിക്കാൻ കഴിയുന്ന കാലം അതിവിദൂരമല്ല.

നിങ്ങൾ ഓരോ സമയത്തും എവിടെയുണ്ടെന്ന് മറ്റുള്ളവർക്ക് അറിയാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളുമായി വാട്‌സാപ്പ് പുതുക്കുകയാണ്. ലൈവ് ലൊക്കേഷൻ ട്രാക്കിങ് എന്നാണ് ഇതിന് പേര്. വാട്‌സാപ്പിന്റെ ബീറ്റ വേർഷനിൽ ഇത് നിലവിൽ വന്നുകഴിഞ്ഞു. ഉടൻതന്നെ എല്ലാ വാട്‌സാപ്പുകളും ഇതേ രീതിയിലേക്ക് മാറും. ആൻഡ്രോയ്ഡിലും ഐഒഎസിലും പുതിയ സംവിധാനം പ്രവർത്തിക്കും.

ഗ്രൂപ്പ് ചാറ്റ് ചെയ്യുമ്പോഴോ നേരിട്ട് ചാറ്റുചെയ്യുമ്പോഴോ നിങ്ങൾ എവിടെയാണെന്നത് മറ്റുള്ളവർക്ക് കാണാൻ കഴിയും. അതുകൊണ്ടുതന്നം നുണപറയുന്നവർക്ക് പണികിട്ടും. നിങ്ങൾ എവിടെയാണെന്ന വിവരം മറ്റുള്ളവരുമായി ഷെയർ ചെയ്യാനുള്ള സൗകര്യം ഇപ്പോൾത്തന്നെ ഉണ്ട്. എന്നാൽ, റിയൽ ടൈമിൽ മറ്റുള്ളവർക്ക് വിവരം കിട്ടുന്നത് കൂടുതൽ പുതുമയുള്ള കാര്യമാണ്.

ലൈവ് ട്രാക്കിങ് സംവിധാനം നിശ്ചിതസമയത്ത് ഉൾപ്പെടുത്താനും ഒഴിവാക്കാനുമാകും എന്നതുകൊണ്ട് ഇതിൽനിന്ന് രക്ഷപ്പെടാനും അവസരമുണ്ട്. ആപ്പിന്റെ സെറ്റിങ്‌സ് മെനുവിലൂടെയാണ് ഇത് ചെയ്യേണ്ടത്. ഈ ഫീച്ചർ ഡിസേബിൾഡ് ആയ നിലയിലായിരിക്കും ഉണ്ടാവൂക. നമുക്ക് വേണമെങ്കിൽ ഉപയോഗിക്കാം. രണ്ട് മിനിറ്റ്, അഞ്ചുമിനിറ്റ് നേരത്തേയ്ക്ക് ലൈവ് ട്രാക്കിങ് എനേബിൾ ചെയ്യാനാണ് ഇപ്പോൾ സൗകര്യമുള്ളത്. പുതിയ സൗകര്യം നിലവിൽ വന്നോ എന്നറിയുന്നതിന് വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്താൽ മതി.