വാട്‌സാപ്പിൽ നിങ്ങൾ അയക്കുന്ന മെസ്സേജുകൾ ഡിലീറ്റ് ചെയ്താൽ തൽക്കാലം മറ്റുള്ളവർ കാണാതെ രക്ഷപ്പെടുമായിരിക്കും. എന്നാൽ, ഈ മെസ്സേജുകളും ചിത്രങ്ങളും വീഡിയോകളും അമേരിക്കൻ ചാരസംഘടനയായ സിഐഎയ്ക്ക് കാണാനാവുമെന്നാണ് വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തൽ. ആൻഡ്രോയ്ഡ് ഫോണിലൂടെയും ഐഫോണുകളിലൂടെയും അയക്കുന്ന സന്ദേശങ്ങൾ ചോർത്താനുള്ള സോഫ്റ്റ്‌വേർ സിഐഎയുടെ പക്കലുണ്ടെന്നാണ് വിക്കീലീക്‌സ് അവകാശപ്പെടുന്നത്.

ഒരാളുടെ ഫോണിൽനിന്നും സ്മാർട്ട് ടിവിയിൽനിന്നും കമ്പ്യൂട്ടറിൽനിന്നും റൂട്ടറിൽനിന്നും വിവരങ്ങൾ ചോർത്താൻ സിഐഎയ്ക്ക് സാധിക്കുമെന്നാണ് വെളിപ്പെടുത്തൽ. വാട്‌സാപ്പ് മെസ്സേജുകൾ എൻക്രിപ്റ്റഡാണെന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരാളുടടെ അക്കൗണ്ടിലേക്ക് ചൂഴ്ന്നുകയറാൻ സിഐഎയ്ക്ക് സാധിക്കുമെന്ന് വിക്കിലീക്ക് അവകാശപ്പെടുന്നു. സിഐഎ ഫോൺ അപ്പാടെ ഹാക്ക് ചെയ്താണ് വിവരങ്ങൾ ശേഖരിക്കുകയെന്നും വിക്കിലീക്ക്‌സ് പറയുന്നു.

എന്നാൽ, രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്ന് സിഐഎ വക്താവ് ന്യുയോർക്ക് ടൈംസിനോട് പറഞ്ഞു. വിക്കിലീക്ക്‌സ് പുറത്തുവിട്ട വസ്തുതകൾ ശരിയാണെന്നാണ് എഡ്വേർഡ് സ്‌നോഡൻ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. ലോകത്തെ ഏത് സ്മാർട്ട്‌ഫോണിലേക്കും ഹാക്കർമാർക്ക് കടന്നുകയറാമെന്ന സാഹചര്യമാണുള്ളതെന്നും സ്‌നോഡൻ മുന്നറിയിപ്പ് നൽകുന്നു.