പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ്. അടുത്ത മാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ ഐഒഎസ് 10, അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും നവംബർ 1 മുതൽ വാട്സാപ് കിട്ടില്ല. നിരവധി ഐഫോണുകളും ആൻഡ്രോയിഡ് മൊബൈലുകളും ഈ പട്ടികയിൽ പെടും. ആൻഡ്രോയിൽ 4.1 ജെല്ലി ബീനിനും അതിനു മുൻപുമുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയും വാട്സാപ് ഉപേക്ഷിക്കുകയാണ്.

വിവിധ സ്മാർട് ഫോൺ നിർമ്മാതാക്കളുടെ 43 മോഡൽ ഫോണുകളെയാണ് വാട്സാപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക. കായ്ഒഎസ് 2.5.1 മുതലുള്ള ജിയോഫോൺ മോഡലുകളിൽ തുടർന്നും വാട്സാപ് പ്രവർത്തിക്കും. അതേസമയം, ഇപ്പോഴും പ്രവർത്തിപ്പിക്കുന്ന നിരവധി പഴയ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ വാട്സാപ് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും.

കാലഹരണപ്പെട്ട സ്മാർട് ഫോണുകൾ മാറ്റി പുതിയത് വാങ്ങാൻ വാട്സാപ് നേരത്തെ തന്നെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്സാപ് അക്കൗണ്ട് തുടങ്ങാൻ അനുവദിച്ചിരുന്നില്ല. നിലവിൽ അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ല.

ഹാൻഡ്സെറ്റുകൾ മാറുന്ന ഉപയോക്താക്കൾക്ക് പഴയ ചാറ്റുകൾ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് വാട്സാപ് പറയുന്നത്. എന്നാൽ ഫയലുകൾ ഇമെയിലിൽ അറ്റാച്ചുചെയ്ത് അവർക്ക് പഴയ ചാറ്റുകൾ അപ്ലോഡ് ചെയ്യാൻ കഴിയും.

2016 ആദ്യത്തിലാണ് വാട്സാപ് പഴയ ഫോണുകളിലെ സേവനം അവസാനിപ്പിച്ച് തുടങ്ങിയത്. വാട്സാപ്പിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിന്റെയും സുരക്ഷ കൂട്ടുന്നതിന്റെയും ഭാഗമായാണിത്. പഴയ ഫോണുകളുള്ളവർക്കു തുടർന്നും വാട്സാപ് വേണമെങ്കിൽ പുതിയ ഫോൺ വാങ്ങാതെ നിവൃത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.

ഔദ്യോഗിക ബ്ലോഗിലാണ് വാട്സാപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.വാട്സാപ് തുടങ്ങിയപ്പോൾ ആപ്പിൾ ആപ് സ്റ്റോറിന് മാസങ്ങൾ മാത്രമേ പ്രായമായിരുന്നുള്ളൂ. അന്ന് 70 ശതമാനത്തോളം സ്മാർട് ഫോണുകളും ബ്ലാക്ക്‌ബെറി, നോകിയ തുടങ്ങിയവയുടേതായിരുന്നു. എന്നാൽ, ഇന്ന് 99.5 മൊബൈൽ ഫോണുകളും പ്രവർത്തിക്കുന്നത് ഗൂഗിൾ, ആപ്പിൾ, കായ്ഒഎഎസ് എന്നിവയുടെ പ്ലാറ്റ്ഫോമിലാണ്. അന്ന് ഈ കമ്പനികൾക്ക് 25 ശതമാനം പോലും വിപണിയിൽ സ്വാധീനമുണ്ടായിരുന്നില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് തങ്ങൾ നടത്തുന്നതെന്നാണ് വാട്സാപ് അധികൃതർ നൽകുന്ന വിശദീകരണം.

വാട്സാപ്പിന്റെ സേവനം നഷ്ടപ്പെടുന്ന ഫോൺ മോഡലുകൾ

ആപ്പിൾ: ഐഫോൺ എസ്ഇ, 6എസ്, 6എസ് പ്ലസ്

സാംസങ്: ഗാലക്സി ട്രൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് കക, ഗാലക്സി എസ്‌കക, ഗാലക്സി എസ് 3 മിനി, ഗാലക്സി എക്സ് കവർ 2, ഗാലക്സി കോർ, ഗാലക്സി ഏസ് 2 .

എൽജി: ലൂസിഡ് 2, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ3 കക ഡ്യുവൽ, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ5, ഒപ്റ്റിമസ് എൽ5 കക, ഒപ്റ്റിമസ് എൽ5 ഡ്യുവൽ, ഒപ്റ്റിമസ് എൽ3 കക, ഒപ്റ്റിമസ് എൽ7, ഒപ്റ്റിമസ് എൽ7 കക ഡ്യുവൽ, ഒപ്റ്റിമസ് എൽ7 കക, ഒപ്റ്റിമസ് എഫ്6, എൻആക്ട്, ഒപ്റ്റിമസ് എൽ4 കക ഡ്യുവൽ, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എൽ4 കക, ഒപ്റ്റിമസ് എൽ2 കക, ഒപ്റ്റിമസ് നിട്രോ എച്ച്ഡി, 4എക്സ് എച്ച്ഡി, ഒപ്റ്റിമസ് എഫ്3ക്യു.

ഇസഡ്ടിഇ: ഗ്രാൻഡ് എസ് ഫ്ലെക്സ്, ഇസഡ്ടിഇ വി956, ഗ്രാൻഡ് എക്സ് ക്വാഡ് വി987, ഗ്രാൻഡ് മെമോ.

വാവെയ്: അസെൻഡ് ജി 740, അസെൻഡ് മേറ്റ്, അസെൻഡ് ഡി ക്വാഡ് എക്സ് എൽ, അസെൻഡ് ഡി 1 ക്വാഡ് എക്സ് എൽ, അസെൻഡ് പി 1 എസ്, അസെൻഡ് ഡി 2.

സോണി: എക്സ്പീരിയ മിറോ, സോണി എക്സ്പീരിയ നിയോ എൽ, എക്സ്പീരിയ ആർക്ക് എസ്.