തെറ്റായ വാർത്തയും വിവരങ്ങളും ഗൂഢാലോചനാ വാദവുമൊക്കെ അതിവേഗം ആയിരങ്ങളിലേക്ക് എത്തിക്കുന്നതിൽ ഇപ്പോഴും വാട്സാപ്പിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സുരക്ഷനടപടികൾ ശക്തമാക്കി വാട്‌സ് ആപ്പ്.നേരത്തെ തന്നെ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട കമ്പനി 2019ൽ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേർക്കോ, അഞ്ചു ഗ്രൂപ്പിനോ മാത്രം ഫോർവേഡ് ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിരുന്നു.പിന്നെയും കാര്യമായ മാറ്റം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം.

ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന വാട്സാപ്പിന്റെ 2.22.7.2 ബീറ്റാ പതിപ്പിലാണ് പുതിയ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം പുതിയ വേർഷനിൽ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഫോർവേഡ് ചെയ്യാൻ സാധിക്കുക. അഞ്ചു വ്യക്തികൾക്കു വരെ ഫോർവേഡ് ചെയ്യാൻ തുടർന്നും സാധിക്കുമെങ്കിലും ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഒരു സന്ദേശം അയക്കാൻ സാധിക്കുക. കൂടുതൽ ഗ്രൂപ്പുകളിലേക്കു വേണമെങ്കിൽ വീണ്ടും ഒരോ തവണയായി ഫോർവേഡ് ചെയ്യേണ്ടതായി വരും. പതിവുപോലെ, വാബീറ്റാഇൻഫോ തന്നെയാണ് പുതിയ മാറ്റവും കണ്ടെത്തി ആദ്യം പുറത്തുവിട്ടത്.

വാട്സാപ്പിന്റെ അടുത്ത എതിരാളിയായ ടെലഗ്രാമിലുള്ള മറ്റൊരു ഫീച്ചർ പറിച്ചു നടാൻ ഒരുങ്ങുകയാണ് കമ്പനി എന്നും പറയുന്നു. ഒരു വാട്സാപ് ഗ്രൂപ്പിനുള്ളിലെ ആളുകളുടെ അഭിപ്രായം അറിയാനുള്ള വോട്ടെടുപ്പ് നടത്താനുള്ള ഫീച്ചറായിരിക്കും താമസിയാതെ കൊണ്ടുവരിക എന്നും വാബീറ്റാഇൻഫോ പറയുന്നു. 'പോൾ' എന്ന പേരിലായിരിക്കും പുതിയ ഫീച്ചർ അറിയപ്പെടുക. ചില ഗ്രൂപ്പുകൾക്ക് ഒരു വിഷയത്തെക്കുറിച്ച് അതിലെ അംഗങ്ങളുടെ അഭിപ്രായം അതിവേഗം അറിയാൻ ഇത് പ്രയോജനപ്പെടുമെന്നു കരുതുന്നു.