ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് സംവിധാനം വിപുലീകരിക്കാൻ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്സ്ആപ്പിന് അനുമതി. യുപിഐ സംവിധാനത്തിൽ ആറു കോടി ഉപയോക്താക്കളെ കൂടി ഉൾപ്പെടുത്താൻ വാട്ട്സ്ആപ്പിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ അനുമതി നൽകി. ഇതോടെ വാട്ട്സ്ആപ്പിന്റെ ഡിജിറ്റൽ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയർന്നു.

നിലവിൽ രാജ്യത്ത് വാട്ട്സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതിൽ പത്തുകോടി പേർക്ക് വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാട് നടത്താനാണ് അനുമതിയുള്ളത്. നവംബറിൽ സമാനമായ നിലയിൽ വാട്ട്സ്ആപ്പ് വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ കൂടുതൽ പേരെ അനുവദിച്ചിരുന്നു. രണ്ടുകോടിയിൽ നിന്ന് നാലുകോടിയായാണ് അന്ന് ഉയർത്തിയത്.

ഡിജിറ്റൽ പണമിടപാട് രംഗത്ത് വാട്ട്സ്ആപ്പിന് ഘട്ടം ഘട്ടമായാണ് എൻപിസിഐ അനുമതി നൽകുന്നത്. മത്സരരംഗത്ത് കമ്പനികൾ തമ്മിലുള്ള മോശം പ്രവണതകൾ ഒഴിവാക്കാനാണ് എൻപിസിഐയുടെ ഇടപെടൽ.