- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രീയവിദ്യാലയത്തിൽ രാഹുൽഗാന്ധി എംപി.യുടെ ക്വാട്ടയിൽ ബിജെപി. നേതാവിന്റെ മകൾക്ക് സീറ്റ്; വയനാട്ടിൽ രാഷ്ട്രീയ എതിരാളിയുടെ കുടുംബത്തിന് സീറ്റ് ഒപ്പിച്ചു നൽകിയത് കെപിസിസി അംഗം പിപി അലി; നേതാവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്; അത്യപൂർവ്വമായ കോൺഗ്രസ്-ബിജെപി സഹകരണം ഇങ്ങനെ
കല്പറ്റ: കേന്ദ്രീയവിദ്യാലയത്തിൽ രാഹുൽഗാന്ധി എംപി.യുടെ ക്വാട്ടയിൽ ബിജെപി. നേതാവിന്റെ മകൾക്ക് സീറ്റ് നൽകിയതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം. കല്പറ്റയിലെ ബിജെപി. നേതാവിന്റെ മകൾക്കാണ് കല്പറ്റ കേന്ദ്രീയവിദ്യാലയത്തിൽ സീറ്റുനൽകിയത്. എംപിക്ക് സ്വന്തം മണ്ഡലത്തിലെ സ്കൂളിൽ പത്തു പേർക്ക് അഡ്മിഷൻ നൽകാനാകും. ഇതാണ് ബിജെപി അംഗത്തിന് ലഭിക്കുന്നത്.
സാധാരണ സ്വന്തം പാർട്ടിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമാണ് ഇത്. ഇതാണ് ഇത്തവണ ബിജെപിക്കാരൻ അടിച്ചെടുത്തത്. തന്റെ ക്വാട്ടയിൽ അഡ്മിഷൻ കിട്ടിയത് ബിജെപി നേതാവിന്റെ മകൾക്കാണെന്ന് രാഹുൽ ഗാന്ധി അറിഞ്ഞിരുന്നില്ല. കെപിസിസി. അംഗത്തിന്റെ ശുപാർശയിലാണിതെന്നാണ് ആരോപണം. ഇതിനെതിരേ കോൺഗ്രസ് നേതാക്കൾതന്നെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയെന്നാണ് വിവരം.
ഇതോടെ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം കെപിസിസി. അംഗം പി.പി. ആലിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ബിജെപി. നേതാവിന്റെ മകൾക്കുവേണ്ടി ശുപാർശ നൽകിയതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
സീറ്റുകിട്ടാത്ത കോൺഗ്രസ് നേതാക്കളായ രക്ഷിതാക്കളും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമാണെന്നും വിവാദമാക്കാനൊന്നുമില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. സംഭവത്തെക്കുറിച്ചും നടപടിയെക്കുറിച്ചും അറിയില്ലെന്നാണ് രാഹുലിന്റെ വയനാട് ഓഫീസിന്റെ പ്രതികരണം.