കൽപ്പറ്റ: വയനാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു. റിസോർട്ട് നടത്തിപ്പുകാരൻ നെബു എന്ന വിൻസന്റ് സാമുവൽ(52) കൊല ചെയ്യപ്പെട്ട കേസിൽ പ്രധാന പ്രതികൾ കസ്റ്റഡിയിലായതായി സൂചന. സിങ്കപ്പൂരിൽ ബിസിനസുകൾ ഉള്ള വ്യക്തിയും അയാളുടെ ഡ്രൈവറും ചേർന്നാണ് കൊല ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഈ ബിസിനസുകാരന്റെ ഭാര്യയെയും സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്താത്തതിനാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൽപ്പറ്റക്കടുത്ത് മണിയങ്കോട് വിസ്പ്പറിങ് വുഡ്‌സ് എന്ന റിസോർട്ടിൽ വച്ചാണ് ബത്തേരി മലവയൽ സ്വദേശി കൊച്ചുവീട്ടിൽ നെബു എന്ന വിൻസന്റ് സാമുവൽ കൊല്ലപ്പെട്ടത്.

കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആരാണ് കുത്തിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് നെബു കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രി നെബുവിന്റെ കൂടെ ആരായിരുന്നു താമസിച്ചിരുന്നത് എന്നതിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിലാണ് പ്രതികൾ ആരാണെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് അത്തോളിയിൽ വെച്ച് പ്രതികളെ പിടുകൂടുകയായിരുന്നു. ബിസിനസുകാരന്റെ ഡ്രൈവർക്ക് പരിക്കുള്ളതിനാൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇയാളാണ് ഒന്നാം പ്രതിയെന്ന സൂചനയാണ് പുറത്തുവരുന്നത്.

മീനങ്ങാടി സ്വദേശിയാണ് പൊലീസ് വലയിലുള്ളതെന്നാണ് സൂചന. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരിക്കാം കൊലപാതകം നടന്നതെന്ന് കരുതുന്നു. ഭാര്യയും രണ്ട് പെൺമക്കളുമുള്ള നെബു വയനാടിന്റെ ടൂറിസം രംഗത്തെ മികച്ച സംരംഭകനാണ്. അതിനാൽ തന്നെ പലരുമായും പണമിടപാടുണ്ടായിരുന്നു. അത്തരത്തിലൊരു ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചന്നാണ് അറിയുന്നത്. ബിസിനസുകാരന്റെ ഭാര്യയുമായി നെബുവിന് വർഷങ്ങളായി പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന് പുറത്ത് സാമ്പത്തിക ഇടപാടുകളും നടന്നിരുന്നുവെന്ന് സൂചനയുണ്ട്. ഈ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഇന്നലെ ഏഴു മണിയോടെ നെബുവും യുവതിയും റിസോർട്ടിൽ എത്തി. യുവതി ഇവിടെ ഉണ്ടെന്നറിഞ്ഞ് ഭർത്താവ് ഡ്രൈവറെയും കൂട്ടി സ്ഥലത്ത് എത്തുകയായിരുന്നു എന്നാണ് സൂചന. ഇവിടെ വെച്ച് സാമ്പത്തിക ഇടപാടിനെ കുറിച്ച് അടക്കം തർക്കം നടന്നു. ഈ വാക്കു തർക്കത്തിനിടയിൽ നെബുവിന് കുത്തേൽക്കുകയായിരുന്നു. നെബു മരിച്ചുവെന്ന് ബോധ്യമായപ്പോൾ ഇവർ സ്ഥലംവിടുകയാണ് ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് കസേരയിൽ കുത്തേറ്റ് ഇരിക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. റിസോർട്ടിലെ ജീവനക്കാരിൽ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു വരികയാണ്. കൊലപാതകം നടത്തിയതാ ആരെന്ന സൂചനകളിലേക്ക് അന്വേഷണ നീങ്ങിയതായാണ് അറിവ്. ഒരു സ്ത്രിയും പുരുഷനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്ന സൂചനയെ തുടർന്നാണ് അന്വേഷണ ആ വഴിക്ക് നീങ്ങിയത്.

വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന നെബു സുൽത്താൻബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമ കൂടിയാണ്. സുൽത്താൽ ബത്തേരിയിൽ പഴക്കം ചെന്ന ടൂറിസ്റ്റ് ഹോമുകളിൽ ഒന്നാണ് ആരാധനാ ടൂറിസ്റ്റ് ഹോം. വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൽപ്പറ്റ സ്വദേശി ഡോ.രാജുവിന്റ ഉടമസ്ഥതയിലുള്ള റിസോർട്ട് ഒരാഴ്ച മുമ്പ് പാട്ടത്തിനെടുക്കുകയായിരുന്നു. ഈ റിസോർട്ട് നവീകരിച്ച് ഈ ടൂറിസ്റ്റ് സീസണിൽ നേട്ടം കൊയ്യാമെന്നായിരുന്നു നെബുവിന്റെ ആലോചന. ഡോ: രാജു ഈ റിസോർട്ട് വില്പനക്ക് വച്ചിരിക്കുകയായിരുന്നു. ടൂറിസം രംഗത്തെ സജീവമായ പ്രവർത്തിക്കുന്ന നെബുവിന്റെ കൊലപാതകം സുഹൃത്തുക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. ഇയാൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.