- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ഷഹാനയെ കുടഞ്ഞെറിഞ്ഞിരിക്കാം; മൃതദേഹത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടായിരുന്നുവെന്നും ആദ്യം പരിശോധിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ; ദാരുണ സംഭവത്തിന് കാരണം റിസോർട്ട് നടത്തിപ്പുകാരുടെ അലംഭാവമെന്ന് വനംവകുപ്പ്
വയനാട്: കണ്ണൂർ സ്വദേശി ഷഹാനയുടെ മരണത്തിന് കാരണം ആന കുടഞ്ഞെറിഞ്ഞതാകാമെന്ന് റിപ്പോർട്ടുകൾ. മൃതദേഹത്തിൽ ആഴമേറിയ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ഷഹാനയെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അഖിലേഷ് വ്യക്തമാക്കി. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഇത്തരത്തിലുള്ള മുറിവുകളുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മേപ്പാടി റെയിൻ ഫോറസ്റ്റ് ഹോംസ്റ്റേയിൽ ടെന്റിൽ താമസിച്ചിരുന്ന യുവതിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കാട്ടാന ആക്രമണമുണ്ടായ വിവരം പുറത്തറിഞ്ഞതോടെ റിസോർട്ട് പൂട്ടിയിരുന്നു. ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ മതിയായ സുരക്ഷാസംവിധാനങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് നടപടി. ഇനിയും ഇത്തരത്തിൽ അപകടമുണ്ടാകാതിരിക്കാൻ ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളെക്കുറിച്ചും ഹോം സ്റ്റേകളെക്കുറിച്ചും ജില്ലാ ഭരണകൂടവും പൊലീസും അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ട്ടിൽ രാവിലെ മുതൽ റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി പരിശോധന തുടങ്ങിയിരുന്നു. ജില്ലാ കളക്ടറും തഹസിൽദാറും വയനാട് ഡിഎഫ്ഒയും സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെയും പരിസരങ്ങളിലുള്ള റിസോർട്ടുകളിലും ഇല്ലെന്നാണ് ഇവരുടെ പ്രാഥമിക നിഗമനം. ''മഴക്കാലത്ത് ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുള്ള മേഖലയാണിത്. അവിടെയാണ് മൺസൂൺ ടൂറിസം എന്ന പേരിൽ ആളുകളെ വിളിച്ച് വരുത്താനായി റിസോർട്ടുകൾ തുടങ്ങിവച്ചിരിക്കുന്നത്. ഇതിൽ കൃത്യമായ നടപടികളുണ്ടാകും'', കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടാൻ കാരണം നടത്തിപ്പുകാരുടെ ആലംഭാവമെന്ന നിലപാടിലാണ് വനംവകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ഉന്നത അധികൃതർക്ക് റിപ്പോർട്ടുനൽകുമെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചോഫീസർ ഷെമീർ മറുനാടനോട് വ്യക്തമാക്കി. താമസക്കാർക്ക് യാതൊരുസുരക്ഷ സംവിധാനവും ഏർപ്പെടുത്താതെയാണ് ഇവിടെ ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമീക അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ ഇവിടെ ദാരുണസംഭവങ്ങൾ ഉണ്ടാവാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേപ്പാടിയിൽ നിന്നും 8 കിലോമീറ്റർ അകലെ ചെമ്പറ പീക്ക് വനമേഖലയിലാണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്. മൂന്നുവശവും വനമാണ്. വനമേഖലയിൽ നിന്നും കഷ്ടി 5-10 മീറ്റർ അകലത്തിലാണ് ഇവിടെ ടെന്റുകൾ സ്ഥാപിച്ചിരുന്നത്. ഈ ഭാഗത്ത് വനത്തിൽ കാട്ടനകൂട്ടത്തിന്റെ സാന്നിദ്ധ്യം നേരത്തെമുതലുണ്ടെന്നും ഇക്കാര്യം ഹോംസ്റ്റേ നടത്തിപ്പുകാർ അറിയാതിരിക്കാൻ വഴിയില്ലെന്നുമാണ് വനംവകുപ്പധികൃതരുടെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സുരക്ഷയൊരുക്കാതെ വിനോദസഞ്ചാരികൾക്ക് താമസിക്കാൻ അവസരമൊരുക്കിയതാണ് യുവതി ആനയുടെ ആക്രണത്തിൽ കൊല്ലപ്പെടാൻ കാരണമെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് മേപ്പാടി ഫോറസ്റ്റ് റെയിഞ്ചോഫീസർ മറുനാടനോട് വ്യക്തമാക്കി.
വനാതിർത്തിയിൽ ഇലട്രിക് ഫെൻസിങ് സ്ഥാപിച്ചോ കിടങ്ങുകൾ തീർത്തോ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ഇന്നലത്തെ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാർ താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരുസംവിധാനവും ഏർപ്പെടുത്തിയിരുന്നില്ലന്ന് വിവരം വ്യക്തമാക്കി ഉന്നത അധികൃതർക്ക് റിപ്പോർട്ടുനൽകുമെന്നും റെയിഞ്ചോഫീസർ കൂട്ടിച്ചേർത്തു. പാട്ടത്തിനെടുത്ത് സ്ഥലത്ത് ബത്തേരി സ്വദേശി സുനീറാണ് ഹോംസ്റ്റേ നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവർഷമായി പോംസ്റ്റേ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ ഇവിടെ ദുരന്തങ്ങൾ സംഭിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
വാർത്തവിനിമയ സംവിധാനങ്ങൾ പേരിനുപോലുമില്ലാത്ത പ്രദേശമായതിനാൽ ഇവിടെ എന്തുനടന്നാലും പുറത്തറിയാൻ മണിക്കൂറുകളെടുക്കമെന്നതാണ് സ്ഥിതി. ഇന്നലെ രാത്രി 8 മണിയോടെ പ്രാഥമീകകൃത്യത്തിന് പോയി തിരിച്ചുവരും വഴിയാണ് യുവതിക്കുനേരെ ആനയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുതന്നെ യുവതി മരണപ്പെട്ടതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്കമാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ