ദിവസവും കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്നവരാണ് യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ കളിക്കുന്ന ഫുട്‌ബോൾ താരങ്ങൾ. അർജന്റീന താരം ലയണൽ മെസ്സിയും പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ബ്രസീൽ താരം നെയ്മറുമൊക്കെ ആ ഗണത്തിൽ പ്പെടുന്നവരാണ്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ വെയ്ൻ റൂണിയും പണത്തിന്മേലാണ് പന്തുതട്ടുന്നത്.

പണം എങ്ങനെ ചെലവാക്കണമെന്ന് അറിയാത്തവരാണ് താരങ്ങളിൽപ്പലരും. ധൂർത്തടിച്ച് ജീവിക്കുന്നവരുമുണ്ട്. വെയ്ൻ റൂണി അടുത്തിടെ കാസിനോയിലെത്തി ചൂതാട്ടം നടത്തി രണ്ടുമണിക്കൂറുകൊണ്ട് പൊടിച്ചുകളഞ്ഞത് അഞ്ചുലക്ഷം പൗണ്ട്! മാഞ്ചസ്റ്ററിലെ 235 കാസിനോയിൽ അർധരാത്രിയെത്തിയ റൂണി റൗലറ്റും ബ്ലാക്ക്ജാക്കും കളിച്ചാണ് ലക്ഷങ്ങൾ ധൂർത്തടിച്ചത്.

താരം നന്നായി മദ്യപിച്ചിരുന്നതായും കാസിനോയിൽനിന്ന് ബിയർ കുടിച്ചതായും ദൃക്‌സാക്ഷി കൾ പറയുന്നു. യൂറോപ്പ ലീഗിൽ മാർച്ച് 16-ന് റോസ്‌തോവിനെതിരെ നടന്ന ഹോം മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനുവേണ്ടിയാണ് റൂണി കാസിനോയിലെത്തിയതെന്നാണ് റിപ്പോർട്ട്. കാസിനോയിൽ സ്വന്തമായി അക്കൗണ്ടുണ്ടെങ്കിലും അപൂർവമായി മാത്രമേ റൂണി ഇവിടെയെത്താറുള്ളൂ.

പരിക്കുമൂലം ആ മത്സരത്തിൽ കളിക്കാതിരുന്ന റൂണി, കാസിനോയിലെത്തുമ്പോൾ വളരെ അക്ഷമനായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബിയർ കുടിച്ചുകൊണ്ടേ യിരുന്നെങ്കിലും, അതിനെക്കാൾ ചൂതാട്ടത്തിലായിരുന്നു ശ്രദ്ധ. പക്ഷേ, മിനിറ്റിൽ ആയിരങ്ങൾവെച്ച് നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ചൂതാട്ടം വളരെയേറെ ഇഷ്ടപ്പെടുന്ന റൂണിക്ക് കാസിനോയിൽ വി.ഐ.പി. പരിഗണന ലഭിച്ചതായും അവർ പറഞ്ഞു.

റൂണിയുടെ ചൂതാട്ട ഭ്രമത്തോട് ഭാര്യ കോളിന് തീരെ താത്പര്യമില്ലെന്ന് റൂണി തന്റെ ആത്മകഥയിൽ ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോളിനും മക്കളായ കായി, ക്ലേ, കിറ്റ് എന്നിവരും വീട്ടിലില്ലാതിരുന്ന സമയം നോക്കിയാണ് റൂണി ചൂതാട്ട കേന്ദ്രത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. പണ്ടേ ചൂതാട്ടം നടത്തി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കോളീൻ റൂണിയുടെ ഈ ശീലത്തെ എതിർക്കുന്നത്. 2006-ൽ ഏഴുലക്ഷം പൗണ്ടോളം താൻ കടത്തിലായതായി റൂണി ആത്മകഥയിൽ പറയുന്നുണ്ട്.