ലണ്ടൻ: സൂപ്പർത്താര ജാഡയെല്ലാം അഴിച്ചുവെച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വെയ്ൻ റൂണി. 18-ാം വയസ്സിൽ ഇംഗ്ലണ്ടിലെ ഏറ്റവും വിലയേറിയ കൗമാരതാരമായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ റൂണി, 13 വർഷത്തിനുശേഷം എവർട്ടണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് അവസരങ്ങൾ കുറയുന്നുവെന്ന് മനസ്സിലാക്കിയ സൂപ്പർത്താരം ഫ്രീ ട്രാൻസ്ഫറിലാണ് സ്വന്തം ക്ലബ്ബിൽ മടങ്ങിയെത്തിയത്.

കുട്ടിക്കാലംമുതൽക്കേ താൻ പിന്തുണച്ചിരുന്ന ക്ലബ്ബിന്റെ ഭാഗമായി വീണ്ടും മാറുന്നതിൽ ആവേശമുണ്ടെന്ന് റൂണി പറഞ്ഞു. ഒമ്പതാം വയസ്സിൽ എവർട്ടണിൽ ചേർന്ന റൂണി, അവിടെ ഒന്നാം നിര ടീമിലെത്തിയശേഷമാണ് മാഞ്ചസ്റ്ററിലേക്ക് പോയത്. ഇപ്പോൾ, രണ്ടുവർഷത്തെ കരാറിലാണ് റൂണി എവർട്ടണിൽ തിരിച്ചെത്തിയിട്ടുള്ളത്. റൂണി തിരിച്ചെത്തുമ്പോൾ, എവർട്ടണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പണമൊന്നും നൽകേണ്ടതില്ല. എന്നാൽ, ആഴ്ചയിൽ ഒന്നര ലക്ഷം പൗണ്ട് വേതനം റൂണിക്ക് നൽകേണ്ടിവരും. റൂണിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്ന ടീസർ ക്ലബ് പുറത്തിറക്കിയിരുന്നു. വെൽക്കം ഹോം വെയ്ൻ എന്ന ടീസർ ആവേശത്തോടെയാണ് ബ്രിട്ടനിലെ ഫുട്‌ബോൾ പ്രേമികൾ ഏറ്റെടുത്തത്.

എവർട്ടണിന്റെ പത്താം നമ്പർ കുപ്പായമാകും റൂണി അണിയുകയെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി. നിലവിൽ ബെൽജിയം താരം റുമേലു ലുക്കാക്കുവാണ് ഈ കുപ്പായമണിയുന്നത്. ലോകറെക്കോഡ് തുകയായ ഒമ്പത് കോടി പൗണ്ടിന് ലുക്കാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്നാണ് സൂചനകൾ. ലുക്കാക്കുവിന്റെ നഷ്ടം പരിഹരിക്കാനും റൂണിയുടെ വരവ് ക്ലബ്ബിന് സഹായിക്കും.

എവർട്ടണിലേക്ക് തിരിച്ചുവരുന്നതിൽ താനും ആവേശഭരിതനാണെന്ന് റൂണി പറഞ്ഞു. എവർട്ടണിനുവേണ്ടി ട്രോഫികൾ നേടുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. ക്ലബ് ശരിയായ ദിശയിലാണ് മുന്നേറുന്നത്. ഒട്ടേറെ കഴിവുള്ള താരങ്ങൾ അവരുടെ നിരയിലുണ്ട്. വിജയങ്ങളിലേക്ക് കുതിക്കുന്ന എവർട്ടൺ നിരയുടെ ഭാഗമാകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും റൂണി പറഞ്ഞു.

മാഞ്ചസ്റ്ററുമൊത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചശേഷമാണ് റൂണി സ്വന്തം ക്ലബ്ബിലേക്ക് മടങ്ങുന്നത്. അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും ക്ലബ് ലോകകപ്പും അതിൽ എടുത്തുപറയണം. നാല് എഫ്.എ. കമ്യൂണിറ്റി ഷീൽഡും മൂന്ന് ലീഗ് കപ്പുകളും ഒരു എഫ്.എ. കപ്പും അതിനൊപ്പമുണ്ട്.

മാഞ്ചസ്റ്ററിൽ അലക്‌സ് ഫെർഗൂസന്റെ കാലത്ത് സൂപ്പർത്താരമായി ഉയർന്ന റൂണി ഇംഗ്ലണ്ടിന്റെ നായകനായും തിളങ്ങി. എന്നാൽ, ഫെർഗൂസനുശേഷം റൂണിക്ക് മാഞ്ചസ്റ്ററിൽ അത്ര നല്ലകാലമായിരുന്നില്ല. എവർട്ടണിലേക്ക് തിരിച്ചുപോരാനുള്ള കാരണങ്ങളിലൊന്ന് അവസരങ്ങൾ കുറയുന്നതായിരുന്നു. റൂണിയുടെ വരവ് തന്റെ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് എവർട്ടൺ പരിശീലകൻ റൊണാൾഡ് കൂമൻ പറഞ്ഞു.