ചെറുപ്പക്കാർക്കുണ്ടാവുന്ന ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ കൃത്യമായ നിഷ്ടകളുണ്ടായാൽ മാത്രം മതിയെന്ന് ഗവേഷകർ. ആറുകാര്യങ്ങളാണ് അവർ ഇതിനായി മുന്നോട്ടുവെയ്ക്കുന്നത്. ഈ നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ 75 ശതമാനത്തോളം ഹൃദയാഘാതങ്ങൾ ഒഴിവാക്കാനാകുമെന്ന് ഇന്ത്യാന യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ പറയുന്നു.

ആറ് സുവർണ നിയമങ്ങൾ എന്നാണ് ഇതിനെ ഗവേഷകർ വിളിക്കുന്നത്. പുകവലിക്കാതിരിക്കുക, ശരീരഭാരം നിയന്ത്രണത്തിൽ നിർത്തുക, ആഴ്ചയിൽ 150 മിനിറ്റെങ്കിലും മേലനങ്ങി പണിയെടുക്കുക, ആഴ്ചയിൽ ഏഴുമണിക്കൂറിൽ അധികം ടിവി കാണാതിരിക്കുക, ദിവസം ഒരു പെഗ്ഗിനപ്പുറം മദ്യപിക്കാതിരിക്കുക എന്നിവയാണ് ഗവേഷകർ മുന്നോട്ടുവെയ്ക്കുന്ന സുവർണ നിയമങ്ങൾ.

30-നും 40-നും മധ്യേ പ്രായമുള്ള സ്ത്രീകളിലെ ഹൃദയാഘാതം 75 ശതമാനത്തോളം തടയാൻ ഈ നിർദേശങ്ങൾ ഫലവത്താണെന്ന് ഗവേഷകർ പറയുന്നു. 70,000-ത്തോളം വനിതാ നഴ്‌സുമാരുടെ ജീവിത ശൈലി രണ്ടു പതിറ്റാണ്ടോളം പിന്തുടർന്നാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. അമേരിക്കയിൽ ഹൃദ്രോഗനിരക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി കുറഞ്ഞുവരികയാണെങ്കിലും, ഈ നിർദേശങ്ങൾ ഹൃദ്രോഗ സാധ്യതയെ വീണ്ടും കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നൽകിയ ആന്ദ്രെ ചോമിസ്‌റ്റെക് പറഞ്ഞു.

അനാരോഗ്യകരമായ ജീവിത ശൈലികളാണ് ഹൃദ്രോഗ സാധ്യത കൂട്ടുന്നതെന്ന് ചോമിസ്‌റ്റെക് പറയുന്നു. 20 വർഷം നീണ്ട ഗവേഷണത്തിനിടെ, പഠന വിധേയരാക്കിയ 31,691 സ്ത്രീകളിൽ ഹൃദ്രോഗത്തിന് വഴിവെക്കുന്ന ടൈപ്പ് 2 പ്രമേഹവും ഉയർന്ന രക്തസമ്മർദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു. എന്നാൽ, ജീവിതശൈലിയിൽ വരുത്തിയ നിഷ്‌കർഷകൾ ഇവരിൽ ഹൃദ്രോഗ സാധ്യതകൾ കുറച്ചു. 456 പേർക്കുമാത്രമാണ് ഇക്കാലയളവിനിടെ ഹൃദ്രോഗ ബാധയുണ്ടായത്.

ആരോഗ്യകരമായ ജീവിതശൈലികൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന കാര്യം നേരത്തെതന്നെ ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം ടിവി കാഴ്ച നിയന്ത്രിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കണമെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ നേരം ടിവികാണുന്നത് ആയുസ്സകുറയ്ക്കുമെന്ന് അടുത്തിടെ സ്‌പെയിനിൽ നടന്ന ഗവേഷണത്തിലും തെളിഞ്ഞിരുന്നു. ടിവി കാണുമ്പോൾ ശരീരം പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല എന്നതുകൊണ്ടുതന്നെ ഇത് പ്രമേഹത്തിനും ബിപിക്കും കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്.