- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റീസ് ഹേമയുടേത് കമ്മീഷനല്ല; അത് വെറുമൊരു കമ്മറ്റി; സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ പരസ്യപ്പെടുത്തേണ്ട ആവശ്യവുമില്ല; ഒരു കോടി ചെലവാക്കിയതും നടിമാരുടെ മൊഴി എടുത്തതുമെല്ലാം വെറുതെ! ആ ഞെട്ടിക്കുന്ന സത്യങ്ങൾ പുറംലോകം കാണില്ല; വനിതാ കമ്മീഷൻ അധ്യക്ഷയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഡബ്ല്യൂസിസിയെ സർക്കാർ പറ്റിച്ചത് ഇങ്ങനെ
തിരുവനന്തപുരം: സിനിമയിലെ വനിതകളേയും പിണറായി സർക്കാർ പറ്റിച്ചുവോ? സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണ്. ഇതൊരു കമ്മീഷനെന്നായിരുന്നു പൊതു ധാരണ. പക്ഷേ അതൊതു കമ്മീഷൻ അല്ലായിരുന്നുവെന്നും വെറുമൊരു കമ്മറ്റി മാത്രമാണെന്നും വെളിപ്പെടുത്തൽ.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടിയുള്ള ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്നായിരുന്നു സിനിമയിലെ വനിതാ കൂട്ടായ്മയുടെ ആവശ്യം. ഇത് ഉന്നയിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ സതീ ദേവിയെ അവർ കണ്ടു. ഈ കൂടിക്കാഴ്ചയിലായിരുന്നു അതൊരു കമ്മീഷൻ റിപ്പോർട്ടല്ലെന്നും അത് കമ്മറ്റിയെ നിയോഗിച്ചുള്ള പഠന റിപ്പോർട്ട് മാത്രമാണെന്ന് ഡബ്ല്യു സി സി അറിയുന്നത്. ഹേമാ കമ്മറ്റി റിപ്പോർട്ടിനെ കുറിച്ച് ബന്ധപ്പെട്ട മന്ത്രിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് കമ്മീഷൻ റിപ്പോർട്ടായിരുന്നില്ലെന്നും അത് വെറുമൊരു കമ്മറ്റി റിപ്പോർട്ട് മാത്രമാണെന്നും വ്യക്തമാകുന്നത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായിക അഞ്ജലി മേനോൻ, ഗായിക സൈനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, നടി പാർവതി അടക്കുള്ളവരാണ് വനിതാ കമ്മീഷനെ കണ്ടത്. നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂ.സി.സി ശക്തമായ നിലപാടുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് വിശദീകരണം നടിമാരെ ഞെട്ടിച്ചിട്ടുണ്ട്. ഫലത്തിൽ ജസ്റ്റീസ് ഹേമാ കമ്മീഷന്റെ പേരിലെ റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കേണ്ട ആവശ്യം സർക്കാരിനില്ല. എൻക്വയറീസ് ഓഫ് കമ്മീഷൻ ആക്ട് പ്രകാരം ഉണ്ടാക്കുന്ന സമിതികളുടെ റിപ്പോര്ട്ട് മാത്രമേ നിയമസഭയിൽ വയ്‌ക്കേണ്ടതുള്ളൂ. ജസ്റ്റീസ് ഹേമ കമ്മീഷനും അത്തരത്തിലൊന്നാണെന്നാണ് ഏവരും കരുതിയത്. ഫലത്തിൽ സിനിമയിലെ വനിതകളെ പറ്റിക്കാനുള്ള പഠന കമ്മറ്റിയായി മാറുകയാണ് ഹേമാ കമ്മീഷൻ.
പല നിർണ്ണായക വെളിപ്പെടുത്തലും കമ്മീഷന് മുന്നിൽ പല നടികളും നടത്തിയിരുന്നു. ഇതെല്ലാം പൊതു സമൂഹത്തിൽ ചർച്ചയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കമ്മറ്റി റിപ്പോർട്ട് പൊതു രേഖയാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ ഒന്നും പുറത്തു വരില്ല. ഫലത്തിൽ ഹേമാ കമ്മറ്റി റിപ്പോർട്ടിന് വേണ്ടി ചെലവാക്കിയതെല്ലാം വെറുതയായി. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ പത്ത് തവണയായി 10322254 രൂപ കൈപ്പറ്റിയതായും രേഖകളിൽ പറയുന്നു.
സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിലെ ഒരു ശുപാർശ പോലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്തതിനുള്ള കാരണം സംബന്ധിച്ച ചോദ്യത്തിന് റിപ്പോർട്ട് നടപ്പിലാക്കുന്ന വിഷയം വിശദമായി പരിശോധിച്ച് വരികയാണെന്നാണ് സർക്കാർ നൽകിയ മറുപടി.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിന് സർക്കാർ കമ്മീഷനെ രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ വത്സലകുമാരി, നടി ശാരദ എന്നിവരെ അംഗങ്ങളാക്കി രൂപീകരിച്ച കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് കൈമാറി.
സിനിമാ മേഖലയിലെ അറുപതോളം സ്ത്രീകളുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടികൾ ചെലവാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെതിരെ ഡബ്ല്യു.സി.സി ഉൾപ്പടെ പ്രതിഷേധം ശക്തമാക്കുകയാണ്. ഈ പഠന റിപ്പോർട്ട് പരിഗണിച്ച് വിശദമായ നിയമം ഉണ്ടാക്കുമെന്നാണ് പിണറായി സർക്കാർ ഇപ്പോൾ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ