തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ mസ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിക്ക് ആശംസകൾ നേർന്ന് നടൻ ഹരീഷ് പേരടി. ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്നാണ് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റത്തെ അഭിമാനത്തോടെ നോക്കി കാണുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ. ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം. ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്. പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?' ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങൾ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം.

പാർവതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരൻ, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും റിപ്പോർട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.2019 ഡിസംബർ 31 നായിരുന്നു കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

'കാസ്റ്റിങ് കൗച്ച്' സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കമ്മീഷന്റെ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. പക്ഷേ റിപ്പോർട്ട് സർപ്പിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.